Saturday, December 31, 2011

മഴപ്പട്ടിന്റെ നെയ്തുകാരന്‍

ഓടില്‍ നിന്നും ഇടമുറിയാതെ ഊര്ന്നിറങ്ങുമാ     
വെള്ളിനൂലുകള്‍ മുറ്റത്തു മുത്തും മുമ്പേ
ഓടമായി ഓടിക്കളിച്ചിരുന്നന്നു  ഞാന്‍ ,
മുറ്റം നിറയെ ഞാന്‍ നെയ്ത മഴപ്പട്ട്  ..
 
ഓടം : കൈത്തറിയന്ത്രത്തില്‍ കുറുകെ ഓടുന്ന രണ്ടു വശവും കൂര്‍ത്ത ഉപകരണം

Wednesday, December 28, 2011

കരയും പുഴയും കടലും പിന്നെ ആകാശവും

കടലിലേക്കൊഴുകും പുഴയില്‍ അലിയാന്‍കൊതിച്ചൊരു ഭൂമിയെ
പുഴ തഴുകി കൊണ്ടിരുന്നു ,അവള്‍ അലിഞ്ഞു കൊണ്ടും
പതിയെ പതിയെ വേരുകളുടെ പിടിയിലെ
അവസാനത്തെ മണ്ണും ഊര്ന്നിറങ്ങിയപ്പോഴേക്കും   
പുറമേ ഒഴുകും പുഴയെ കടലെടുത്തിരുന്നു...
പിന്നെ അവളുടെ ഉള്ളിലെ   പുഴ, അവള്‍ക്കായി മാത്രം ഒഴുകി
എല്ലാം അറിഞ്ഞ വാനം, അവള്‍ക്കായി മഴയോരുക്കി...

ഒരു തൊട്ടാവാടി കവിത

ഉള്ളിലെ വേദന മുള്ളുകളായി ജനിച്ചിട്ടും
ആരും വെറുക്കാത്ത തൊട്ടാവാടി, നീയെന്തേ
അടുത്തപ്പോളൊക്കെ ഹൃദയം കൂമ്പിയിരുന്നത്
ആ ഹൃദയം അറിയാതെ കാവ്യഹൃദയങ്ങള്‍
നാരീ ഹൃദയമായി  ഉപമിച്ചേഴുതുന്നു,ഞാനും !
എന്നിലെ ഞാനന്നു  കുട്ടിയായിരുന്നപ്പോള്‍ 
ആതിനുത്തരം കാറ്റിനോട് ചോദിയ്ക്കാന്‍, 
അവള്‍ക്കുള്ളിലെ നീരുപുല്കുഴലില്‍  വലിച്ചെടുത്തു
പിന്നെ കാറ്റിലേക്ക്  പറത്തിയ കുമിളകള്‍ 
ഉത്തരം അറിഞ്ഞിട്ടാണെന്തോ, ജീവനൊടുക്കി!
എന്നിട്ടും ഉത്തരം കിട്ടാത്ത ചോദ്യം
ഇന്നുമെന്നെ ഉലച്ചപ്പോള്‍
ഈ തൊട്ടാവാടി കവിത പിറക്കുന്നു

Tuesday, December 20, 2011

അവന്‍ ചോദിച്ചാല്‍ !

വള്ളി ഉഞ്ഞാല്‍ ഒരുക്കി വിളിച്ച കാവുകള്‍
കാവുകളില്‍ കുറുകുന്ന പ്രാവുകള്‍
തെളിനീരുറവകളിലെ  പരല്‍ മീനുകള്‍
ഞാനും നീയും ബാക്കി ...
കണ്ടതിനെ പറ്റി മിണ്ടാണ്ടിരിക്കാം
കണ്ടതൊക്കെ എവിടുന്നെന്ന് ചോദിച്ചു
അവര്‍ വന്നാല്‍ , ഉത്തരം ഇല്ല ...
നമ്മളും ഉത്തരവാദികള്‍ ...
ഇല്ല ആരും വരില്ല..
വിപണിയുടെ മാന്ത്രിക വലയത്തില്‍
പണം എറിഞ്ഞാല്‍ കിട്ടും മായികലോകത്തില്‍
അവന്‍ തൃപ്തനാണ് ...
ഒരു നാള്‍ ,മടുപ്പിന്റെ പരമത്യത്തില്‍
അവനും തിരികെ നടന്നു കൂടെന്നില്ല ...
പക്ഷെ, നഷ്ടസ്വര്‍ഗങ്ങള്‍ പാടാന്‍ പോലും
അറിയാതെ ,അറുത്ത വേരുകളെ ഓര്‍ത്തു
കിരാതനൃത്തച്ചുവടില്‍ കണ്ഠം പൊട്ടുമാറവന്‍ 
തേങ്ങി പാടുമ്പോള്‍ , അട്ടഹസിക്കുമ്പോള്‍
അന്നത്തെ  റോക്ക് സ്റ്റാര്‍ അവന്‍ !!

Monday, November 28, 2011

വോട്ടിടാന്‍ ഇനിയും നീ !

വരണ്ടഭൂമിയില്‍ പൊഴിയുന്നു
കര്‍ഷകന്റെ അശ്രുബിന്ദു
ജീവന്‍

കണ്ണുതുറക്കാത്ത ഈശ്വരന്‍
ഹവിസ്സിനായ് മാത്രം ഭൂമിയില്‍
ദേവന്‍മാര്‍

തുറന്നിട്ട ജാലകത്തിലൂടെ
വിപണിയുടെ തടാകത്തില്‍
കുറെ പിരാനകള്‍

വില്‍ക്കൂ ഇനി എന്നെ കൂടി
വില്‍ക്കാന്‍ ഒന്നുമില്ലത്തവന്‍
ഇല്ല,വോട്ടിടാന്‍ ഇനിയും നീ !

അപൂര്‍ണ ഭാവങ്ങള്‍

മഴ
കുടനന്നാക്കുന്നവന്‍ ഒരുത്തന്‍
കീറിയ കുടയില്‍ കൂനികൂടി ഇരിക്കുന്നു
മഴ

വിശപ്പും ഭക്തിയും
അമ്പലത്തിലെ പായസ്സത്തിനായ്‌
ഭക്തി ഉണ്ണുന്നു, മക്കള്‍ ഉപേക്ഷിച്ച വൃദ്ധ ...
വിശപ്പും ഭക്തിയും

ദൈവം
അപൂര്‍ണനില്‍ നിന്നും
പൂര്‍ണനിലേക്കുള്ള വളര്‍ച്ചയില്‍
സ്വയം നഷ്ടപെട്ട മനുഷ്യന്‍
ഏതോ തമോഗര്‍ത്തത്തില്‍ ഉറങ്ങുന്നു
മനുഷ്യനെ ഉപേക്ഷിച്ച ദൈവം
ഒരേ ഒരു ദൈവം

വളര്‍ച്ച
വളര്‍ച്ചയുടെ മത്സരത്തില്‍
ഒന്നിനൊന്നു മികച്ച കവുങ്ങുകള്‍
വെട്ടാറായെന്നു വിളവെടുക്കേണ്ടവന്‍

മരണം
ഉറ്റവരുടെ മരണം ഒരു ഓര്‍മപ്പെടുതലാണ്
ഓര്‍മ്മ ചുരുളഴിച്ചു, ഭൂതത്തില്‍ നിന്നും
ഓടിതുടങ്ങുന്ന ചക്രം
വര്‍ത്തമാനത്തില്‍ നില്‍ക്കാതെ ...
ഭാവിയിലെ മരണത്തെ ഓര്‍മിപ്പിച്ചു
ഓടിമറയുന്നു...

നഷ്ടം
ആശാന്‍ കണക്കെഴുതുന്നു
ശിഷ്യന്‍ പുറത്തെ കിളിമരത്തില്‍
ചൂരലില്‍ ഒരു കവി മരിച്ചു

ഭൂമിയില്‍ ഉറങ്ങുന്ന സുനാമി
അണപോട്ടുന്നരോഷം
പൊട്ടാറായ അണ
തമിഴന്റെ സ്തെതസ്കോപ്പ്
സുരക്ഷിതത്വത്തിന്റെ താഴ്‌വരയില്‍
ആറാനിട്ട ഖദറുകള്‍

Wednesday, November 23, 2011

പാരിജാതം

കൊഴിഞ്ഞു വീണ പാരിജാതപൂവുകളോട്
ഞാന്‍ ചോദിച്ചറിഞ്ഞ കഥയിലെ വേദന
എന്‍റെ വേദനയെക്കാള്‍ ഏറെ ...
സൂര്യനെ സ്നേഹിച്ച പാരിജാതം...
തന്നെ അര്‍ഹിക്കാത്ത സൂര്യനെയോര്‍ത്തു
അത്മഹൂതിചെയ്ത കന്യകയുടെ പുത്രി ...
എന്നിട്ടും നീ എന്തേ സൂര്യനെ സ്നേഹിക്കുന്നു?
സൂര്യനുണരുമ്പോള്‍ അകലേണ്ട ക്ഷണികജീവിതം ...
നീ പരത്തും സുഗന്ധത്തില്‍ വേദനയുടെ സ്വര്‍ഗ്ഗം !!!
അമ്പലത്തിലെ പൂജാപുഷ്പത്തിന്‍ വേദന കാണാത്ത
വിഗ്രഹം എന്‍റെ വേദന അറിയേണ്ടതില്ല ...
എന്നുള്ളില്‍ കുഴിച്ചുമൂടാം എന്‍റെ വേദനകള്‍ ...
ആരുമറിയാത ഈ വേദനകള്‍ എനിക്ക് സ്വര്ഗ്ഗമൊരുക്കട്ടെ !!!

മണ്‍കട്ട

കാലവര്‍ഷത്തില്‍ പെയ്തൊഴിഞ്ഞ മഴയില്‍
നീറിയൊലിച്ച മണ്‍കട്ടയെ വീണ്ടും ഒതുക്കിയ
കരങ്ങളെ വഞ്ചിച്ചു തുലാവര്‍ഷത്തിന്‍റെ കുളിരുതേടാന്‍
ഒരുങ്ങുന്ന മണ്ണ്കട്ടെ നീ സ്വാര്‍ത്ഥന്‍ !! ...
പിഴവു പറ്റിയതെവിടെന്റെ കട്ടേ ?
നിന്നില്‍ നിലയുറപ്പതീ ഭവനം ..
സൃഷ്ടിയുടെ തീജ്വാലകള്‍ എന്നിലെല്‍പ്പിച്ച വരള്‍ച്ച
മാറ്റാന്‍ ഇത്തിരി ദാഹജലം കൊതിച്ചത് തെറ്റി !!
അറിയിലയില്ലായിരുന്നെനിക്കു പ്രണയമഴ ..
നനയാന്‍ ഞാന്‍ യോഗ്യനല്ലെന്ന് ..
പ്രണയം പ്രണയം മാടിവിളിക്കും പ്രണയം
ഞാന്‍ നിനക്കായ്‌ എന്നെ അലിയിക്കുന്നു
സ്വയം അലിയും വരെ ..എന്തിനെന്നറിയാതെ
ആരോടും പറയാതെ...അലിഞ്ഞലിഞ്ഞ് ..
ഒരു മേഘമായെങ്കില്‍ ഒരു മഴയായ്‌ വന്നവളെ
സ്പര്‍ശിക്കാം എന്‍റെ പ്രണയിനികളെ..
അവര്‍പോലും അറിയാതെ ഞാന്‍ പ്രണയിച്ച അവരെ..

Sunday, November 13, 2011

വെറുപ്പ്‌

അപരിചിതനില്‍ നിന്നും പരിചിതനിലേക്കും
തിരികെ വെറുപ്പിന്റെ കളകള്‍ മുളച്ചു പോന്തുമ്പോള്‍ ;
അപരിചിതത്വം കെട്ടി ആടുമ്പോള്‍ തളര്‍ന്നു പോകുന്ന
എന്നില്‍ നിറയുന്ന കളകള്‍ ഭക്ഷിക്കുന്നത് എന്നെ തന്നെ ...

ഞാന്‍ വെറുക്കാത്ത ലോകര്‍ എന്നെ, വെറുക്കാന്‍ പഠിപ്പിക്കുന്നു
അവരുടെ കൈയില്‍ കൃത്രിമകളനാശനികള്‍ കാണും !!!
കളകളെ ഒന്നൊന്നായി പിഴുതെടുത്ത്‌ കളയുമ്പോളേക്കും
ജീവിതവിളവെടുപ്പില്‍ മടിയില്‍ കനമില്ലാത്ത എന്നെ
നോക്കി പല്ലിളിച്ചു കൊണ്ടു ഉതിര്‍ന്നുവീണ നെല്കതിരെടുത്തു
പറക്കുന്ന മാടത്തത്തകള്‍ ...അവരെ വെറുക്കാന്‍ എനിക്കാകുന്നുമില്ല!!

വെറുക്കാന്‍ പഠിക്കാതെ ഈ ലോകത്തില്‍ പറക്കാന്‍ പറ്റിലെന്നാണോ
അവര്‍ പറന്നകലുമ്പോള്‍ എനിക്കായി പാടിയത്‌ ...ആയിരിക്കാം !!!
എന്നിട്ടും വെറുക്കാന്‍ പഠിക്കാതെ, വെറുപ്പിന്റെ കളകള്‍ പറിച്ചുമാറ്റാന്‍
ശ്രമിക്കവേ ഞാന്‍, ഇതിനിടെ എപ്പോളോ എന്നെ വെറുക്കാന്‍ തുടങ്ങി !!!

Tuesday, November 8, 2011

തളര്ച്ചയുടെ താഴ്വരയില്‍

തളര്ച്ചയുടെ താഴ്വരയില്‍
വരികളുടെ വരള്‍ച്ച,
തളര്ച്ചയിലെ വിളര്‍ച്ച,
വളര്‍ച്ചയിലെ വളവുകള്‍ ,
വെളിച്ചത്തിലെ നഗ്നത,
എഴുതികൂട്ടേണ്ട ചിന്തകള്‍,
ചിന്തകളിലെ രോഷം ...
ആത്മരോഷത്തില്‍ നിന്നുണരും
തീ ...എഴുത്തില്‍ പടരേണ്ട തീ ...
തളര്‍ച്ചയില്‍ എന്നെ പുണരുന്നു ...
തീയില്‍ ദാഹിക്കുന്ന ഞാനും
എന്‍റെ ചിന്തകളും ...
എഴുതാതെ പോകും ജീവിതം .

Monday, November 7, 2011

അതിജീവനത്തിന്റെ കള്ളിമുള്‍ച്ചെടി

ഏകാന്തതയുടെ ആളൊഴിഞ്ഞ മരുഭൂവില്‍,
അതിജീവനത്തിന്റെ മന്ത്രമുരുവിട്ടു
തപസ്സുചെയ്യും കള്ളിമുള്‍ചെടിപോല്‍ ഞാന്‍ ...
അപകര്‍ഷതയുടെ മുള്ളുകള്‍ എന്നെ നിങ്ങളില്‍നിന്നുമകറ്റുന്നു..
അനന്തമാം ഒറ്റയടിപാതയിലെ രാത്രി സഞ്ചാരി ...
ഒളിമാടങ്ങളില്‍ നഷ്ടപെടും പകലുകള്‍ ...
തന്നിലേക്ക്, തന്നിലേക്ക് അവന്‍ താഴ്നിറങ്ങുമ്പോള്‍ ...
അവനെ നഷ്ടപെടുകയാണ്..അവനും നിങ്ങള്‍ക്കും  !!!
മടക്കി വിളിക്കാന്‍ നിങ്ങളുടെ സ്നേഹത്തിനു കഴിയുന്നില്ലെങ്കില്‍
അവന്‍ നിങ്ങളേക്കാള്‍ അവനെ സ്നേഹിക്കുന്നു !!!
തിരികെ വരാതിരിക്കാന്‍ അവനാവില്ല...
സ്വാര്‍ത്ഥനായിരുന്നില്ല ഞാന്‍ അറിയുന്ന അവന്‍ !!!


Sunday, October 16, 2011

ചിരി ..

ചിലര്‍ ചിരിക്കുമ്പോള്‍ ഉള്ളിലെ കണ്ണുനീരെനിക്കു കാണാം
കാരണം ചിരിയില്‍ കണ്ണീരോളിപ്പിച്ചു ചിരിക്കും ഞാന്‍ !!
ആരും കാണാതെ ഞാന്‍ കരയുന്നതറിയുന്നു ചുമരുകള്‍
ചിലപ്പോള്‍ അവയ്ക്കും മടുത്തു കാണും , എന്നെ പോലെ ..

എന്‍റെയുള്ളില്‍ പുകയുന്ന ചിന്തകളെ
മൌനത്തിന്റെ മുഖംമൂടി അണിയിച്ചു
ചിരിച്ചു കരയുന്ന കോമാളി ഞാന്‍ ..

Monday, October 10, 2011

രാത്രി

പകലിനെ കടലിലോഴുക്കി നീ ഉണരുമ്പോള്‍
എന്നുളില്‍ വിരിയുന്ന ഉന്മാദരശ്മികളില്‍ ..
എന്‍റെ പകല്‍ പിറക്കുന്നു ..
നിശയുടെ ഏകാന്തയാമങ്ങളില്‍ എന്‍റെ മനസ്സെന്ന
കുറുനരിക്കൂട്ടം എന്നെ തന്നെ രുചിക്കുന്നു ..

മരണത്തിന്‍റെ പാദമുദ്രകള്‍ പതിഞൊരീ രാത്രിവഴികള്‍ ..
മനസ്സില്‍ നിറയും ചിന്തകള്‍ പന്തമോരുക്കുന്നു ..
മരണത്തിന്‍റെ ഗുഹാമുഖം വരെ നീളും യാത്രകളെ ..
ശാന്തിയുടെ എഴുത്തിന്‍റെ ഗംഗയില്‍ ഉപേക്ഷിക്കുന്നു ഞാന്‍ ...

നഷ്ടപ്രണയത്തിന്‍  തിരമാലകള്‍ തീരമണയുന്ന രാത്രി ..
തീരം തഴുകും പ്രണയത്തിന്‍ തിരകളില്‍ അലിഞ്ഞു തീരും മുമ്പേ
കടല്‍ശില പോലെ ഞാന്‍ ..സുന്ദര കടല്‍ കവാടങ്ങളോരുക്കുന്നു
എന്‍റെ പ്രണയത്തിന്‍ കഥ പറയാനെന്ന പോലെ

നിദ്ര എന്നില്‍ നിന്നകലെ മാറിനിന്നു ചിരിക്കും രാത്രികളില്‍ ..
രാത്രീന്ജ്‌രനായി പൊതുവവഴിയില്‍ നാല്‍ക്കവലയിലെ
ചായ പീടികയിലേക്കും നീളും നടത്തത്തിനിടയില്‍ ഞാന്‍ കണ്ട ..
പീടിക തിണ്ണയില്‍ തലചായ്ക്കുന്നവരുടെ രാത്രി ..

നിയോണ്‍ വെളിച്ചത്തില്‍ ,ആ തെരുവിന്‍റെ വേശ്യ ഉറങ്ങാതിരിക്കുന്നു ..
ഈ രാത്രിയില്‍ അവള്‍ ഒഴുക്കും വിയര്‍പ്പിന്റെ വില ..
ഒരു ചായയും വടയ്ക്കും തികഞ്ഞെങ്കിലെന്നവള്‍ അശിക്കുന്നുണ്ടാവുമോ..
വിശപ്പിന്‍റെ വിളികളും രാത്രിയുടെ മറവില്‍ അവളുടെ മടിക്കുത്തഴിക്കും സമൂഹവും ..
പകലില്‍ തിരസ്കൃത , അവള്‍ ജീവിക്കുന്നതും അവളെ ജീവിപ്പിക്കുന്നതും ഇതേ രാത്രി !!

പകലിനെക്കാള്‍ ഞാനും അവളും സ്നേഹിക്കുന്നു ഈ രാത്രിയെ..
എഴുത്തുണരും എന്‍റെ രാത്രികളിലോന്നില്‍ അവള്‍ക്കായ്‌ ..
കുറിച്ചിട്ട രണ്ടു വരികളുടെ നിര്‍വൃതിയില്‍ ഞാന്‍ ഇന്നുറങ്ങട്ടെ ..
അപ്പോഴും ഉറങ്ങാതെ അവള്‍ നാളേയ്ക്കുള്ള അന്നത്തിന്നായി ...

Friday, October 7, 2011

ജനിക്കാതെ പോകും മാതാക്കള്‍..
ഗര്‍ഭപാത്രത്തിന്റെ വിശുദ്ധിയില്‍ നുഴഞ്ഞെത്തും ശാസ്ത്രത്തിന്റെ കണ്ണുകള്‍ !
വളരുന്ന ജീവന്‍ സീതയാണേല്‍ , കുറെ സീതമാരുടെ, അമ്മയെ കാണാതെ,സ്നേഹത്തിന്‍ അമ്മിഞ്ഞപ്പാല്‍ നുണയാതെ,  രാമനെ വേല്കാതെ,വേദന നിറഞ്ഞൊരന്ത്യം .കാത്തിരിപ്പിന്‍റെ നാളുകള്‍ എല്ലാം വെറുതെ..കഞ്ഞിരത്തെക്കള്‍ കയ്പ്പുള്ള ലോകം ഉപേക്ഷിച്ച ആ സീതയുടെ മണ്ണിലേക്കുള്ള  മടക്കയാത്ര !
ലിംഗഭേദമറിയുമ്പോള്‍ ആരാച്ചാരാകുന്ന കപടഭിഷ്വഗ്വരന്മാര്‍ വലിച്ചെറിയും പോതിക്കെട്ടുകളില്‍ തന്റെ സൃഷ്ടിയുടെ സൗന്ദര്യമറിയാന്‍  വയ്യാത്ത ദുഖത്തില്‍ സ്രഷ്ടാവുപോലും തളര്നിരിക്കുന്നു.
ആ മാംസപിണ്ഡങ്ങളിലെനിക്ക് ഒരായിരമമ്മമാരെ കാണാം !ജനിക്കാതെ പോയ മാതാക്കള്‍ !അവര്‍ക്കായി പാടാതെ, അവര്‍ പാടാതെ പോകും താരാട്ടുകള്‍ !

Thursday, October 6, 2011

~~~~അട്ട~~~~

ഒറ്റപ്പെടുമ്പോളേ  നിങ്ങളറിയൂ  ,കൂട്ടിന്റെ വില
ഒറ്റയ്ക്ക് ജീവിച്ചു മടുത്തോരട്ടയാണിന്നു  ഞാന്‍ !

എന്റെ വഴിയിലെത്തും  വിരുന്നുകാരില്‍ അള്ളിക്കടിച്ചു ..
സ്നേഹമാം ചുടുചോരകുടിച്ചെന്‍റെ ആത്മാവിന്റെ ദാഹം
തീര്‍ക്കും മുമ്പേ വില്ലനായ്‌ ഉപ്പും തീയും !!

അവരറിയാതെ ജീവിക്കാന്‍മാത്രം ചോരകുടിച്ചു മടങ്ങിയേനെ ഞാന്‍
കൂടെ ,സ്നേഹത്തിന്‍റെ  ചോരയുടെ മലിനതയും ഊറ്റിയെടുത്തേനെ ..
ഒരു നുള്ള് സ്നേഹംതന്നു കടന്നുപോകാന്‍ അണയുന്ന കാലുകളെ കാത്തു ..
വീണ്ടും ഏകാന്തതയുടെ ആളൊഴിഞ്ഞ കാട്ടുവഴികളില്‍ ഞാന്‍ ..

Tuesday, October 4, 2011

അഗ്നിശുദ്ധി

സീതയായി ജനിക്കുന്നില്ല ആരും സീതയായി മരിക്കുന്നുമില്ല

സീതയും മിഥ്യ രാമനും അതുപോലെ

ആരോചമച്ച ആ കഥയിലെ, കഥയില്ലായ്മയിൽ കുരുങ്ങിയ മനുഷ്യര്‍ !

മോഹത്തിന്റെ അഗ്നിയില്‍ കാമത്തില്‍ കനല്‍ എരിയുമ്പോള്‍

അഗ്നിശുദ്ധി തെളിയിക്കാന്‍ ശ്രമിക്കേണ്ടതില്ല നീ ..


സ്നേഹം തേടി ശാന്തി തേടി അലയേണ്ട ലോകത്തില്‍

ഓഷോയുടെ വഴി നീ തിരഞ്ഞതില്‍ തെറ്റുണ്ടോ ..

നിര്‍വചനങ്ങളില്‍ ഒതുങ്ങാതെ വളരട്ടെ സ്നേഹം


സ്നേഹം, സ്നേഹത്തില്‍ നിന്നുതിരുന്ന കാമവും ..

സ്വന്തം ശരികളും സമൂഹത്തിന്റെ ശരികളും കൊമ്പ് കോര്‍ക്കുമ്പോള്‍

സ്വന്തം ശരികളുടെ പക്ഷമാണെന്റെ പക്ഷം..


രാമന്‍റെ ശരിയും രാവണന്‍റെ ശരിയും

സീതയുടെ ശൂര്‍പണഘയുടെ ശരികള്‍ ..

സമൂഹമെന്തിനളവുകോലെടുന്നു  ?

ഒരു സമൂഹം മനസാക്ഷി ഇല്ലാതെ ക്രൂശിച്ച

അവര്‍ തെറ്റെന്നു വിധിച്ചു കുരിശേറ്റിയ യേശു !..


വെറുപ്പാണെനിക്കു സമൂഹം വരയ്ക്കും  അതിര്‍വരമ്പുകളെ ..

 ഞാന്‍ അതിനുള്ളില്‍ തുടരാന്‍ ഇഷ്ടപെടുന്നെങ്കിലും ..

പുതിയ ചക്രവാളങ്ങള്‍ തേടും സഹയാത്രികര്‍ക്കായി ..

കുത്തിയിറക്കട്ടെ ഈ കത്തി  !!


Monday, October 3, 2011

ആകാശത്തിലെ മഴവില്ലുകള്‍

കവിതയെന്ന പേരില്‍ കുറിക്കും വരികള്‍,
കവിതയല്ലെന്നറിഞ്ഞു കൊണ്ടും
എന്തിനോ വേണ്ടി കുറിക്കുന്നു ഞാന്‍ ..
നാളെ ഒരു പക്ഷെ ..
എനിക്കായി സംസാരിക്കുന്ന എന്‍റെ മനസാവുമത് ..
എനിക്കു പറയാന്‍ കഴിയാതെ, വിഴുങ്ങിയ വാക്കുകള്‍
എഴുത്തിലൂടെ സംസാരിക്കുന്നു ഞാന്‍,
എന്‍റെ ഭാഷ എഴുത്താണ് !
എന്‍റെ സ്വനതന്തുക്കളുടെ ഭാഷയെ,
എന്നിലെ  ഭീരുത്വം കാര്‍ന്നു തിന്നുന്നു..
കൂടെ എന്‍റെ അപകര്‍ഷതയുടെ കൂട്ടും !!
എന്നിലെ വികാരവിക്ഷോഭങ്ങളുടെ പ്രകാശനം അവയ്ക്കന്യം ..
അങ്ങനെ ഞാന്‍ എഴുത്തിന്‍റെ തോഴനായി ..
എനിക്കു ചിറകുകള്‍ തരും എന്‍റെ എഴുത്ത് .
പുതിയ ആകാശത്തിലെ മഴവില്ലുകള്‍
കാഴ്ചവെക്കാം എന്നാ പ്രതീക്ഷയോടെ ..
എഴുത്തിനെ പ്രണയിക്കുന്ന ഞാന്‍ !!

Thursday, September 29, 2011

ഉറുമ്പിന്‍ കൂട്ടില്‍ കള്ളന്‍ !


അങ്ങകലെ ഇരുണ്ട ഭൂഖണ്ഡത്തിന്റെ പട്ടിണിക്കൊമ്പില്‍ ,

ഉറുമ്പുകള്‍ക്കായി വീടൊരുക്കി കാവലിരിക്കുന്ന മനുഷ്യന്‍ ..

മണ്ണായമണ്ണില്‍ കാടായകാട്ടില്‍ തെണ്ടി നടന്നാ ഉറുമ്പുകള്‍

ചുമന്നു വരും ഒരു പിടി ധാന്യമണികള്‍ കവര്‍ന്നെടുക്കാന്‍ !

വിശപ്പകറ്റാന്‍, ഒരു നിലനില്‍പ്പിന്റെ മോഷണം ..

അങ്ങനെയവന്‍ കരുതന്ന വലിയൊരു ശരി ആയി മോഷണം !!

നാളെ അവന്‍ ഒരു പക്ഷെ തോക്കുമായി കടലിലിറങ്ങിയേക്കാം..

വറുതിയുടെ അറുതിക്കായി കേഴും ഒരു ജനതയുടെ ലോകം വെറുക്കും മുഖം !

മനുഷ്യത്വം ഇല്ലാതെ, അവനെ പട്ടിണിയുടെ വറചട്ടിയില്‍ സൃഷ്ടിച്ച അതേ ലോകം !!

Friday, September 23, 2011

പെയ്തൊഴിയാത്ത മേഘം ...

പെയ്തൊഴിയാത്ത മേഘത്തിന്‍ വിങ്ങലുകള്‍ അറിയിന്നുയിന്നു ഞാന്‍
ഊഷര ഭൂമാതാവിനു നല്‍കാന്‍ കഴിയാതെ പോകുന്ന സ്വാന്തനം
എന്നുള്ളിലെ തിരയായി തിമിര്‍ക്കുമ്പോള്‍ കടലെടുക്കുന്നത് എന്നെത്തന്നെ !
അകലെയാണെന്റെ ശീതളപര്‍വതഛായകള്‍,പ്രതീക്ഷയുടെ സൌമ്യസ്പര്ശങ്ങള്‍ !
പോയ്തോഴിയുംവരെ എന്നിലെ ദുഖത്തിന്‍ തിരയുടെ രൌദ്രതാളങ്ങള്‍ ആസ്വദിക്കാം..
എന്നില്‍ നിന്നുതിരുന്ന മഴതുള്ളിക്കിലുക്കത്തിനായ്‌ കാതോര്ത്തിരിക്കൂ ..
എഴുകടല്‍ താണ്ടിയാലും എല്‍ നിനോയാല്‍ വൈകിയാലും ഞാന്‍ എത്താം  :)

Friday, September 16, 2011

കണ്ണുകളുടെ കവിത !!

ചോല്‍കവിതകളുടെ കാലം കഴിഞ്ഞെന്നാരോ പറഞ്ഞോ !
കേള്‍ക്കുന്ന കവിതകള്‍ താളമിട്ടു ഈണത്തില്‍ പാടിയവയെക്കാള്‍
കരിമുള്ളിന്റെ മൂര്‍ച്ചയോടെ അഴ്നിറങ്ങുന്ന കണ്ണുകളുടെ കവിതകള്‍ !
വായനയിലൂടെ അഴ്നിറങ്ങി അവകൊരിയിടുന്ന നഖക്ഷതങ്ങള്‍, നൊമ്പരങ്ങള്‍ !
ചിന്തയുടെ നേരിപ്പോടുകളിലൂതിയെടുക്കുന്ന പത്തരമാറ്റുള്ള തങ്കം !
ലക്ഷണമുപെക്ഷിച്ചു ; പാതിവെന്ത പച്ചമാംസം പോലെ
വയറില്‍ ദഹിക്കാതിരിക്കുന പുതുകവിതയെ സ്നേഹിക്കാനാണെനിക്കിഷ്ടം
പ്രിയ കവി അയ്യപ്പന്‍ നിങ്ങളെന്റെ മഹാകവി !!

Saturday, September 10, 2011

ഒരോണം കൂടെ ..

ഒരോണം കൂടെ  അരികിലെത്തി മടങ്ങും നേരം
ഞാന്‍ മാവേലിയെ കുറിച്ചോര്‍ത്തില്ല !!
മാവേലിക്കൊപ്പം നാടുകാണാന്‍ ഇറങ്ങിയിരുന്ന
മലയാളി മക്കള്‍ ദൈവത്തിന്റെ നാട്ടില്‍
തനിച്ചാക്കിയ അച്ഛനമ്മമാരുടെ ഓണം ;
ഇത്തവണ ഈ മഹാനഗരത്തിലെ മലയാളി ഹോട്ടലില്‍
ഞാനോണമുണ്ണുമ്പോള്‍ വീട്ടില്‍ ഒരില അധികം മുറിച്ചുകാണും
പ്രതീക്ഷയോടെ ഞാനെന്ന മാവേലിക്കായി !!
എല്ലാറ്റിനും സാക്ഷിയായി രണ്ടിലകളും കുറെ കൂട്ടം കറികളും !

Tuesday, August 30, 2011

മഴയെ പ്രണയിച്ച ഗുല്‍മോഹര്‍

ഗുല്‍മോഹര്‍ ഞാന്‍ കണ്ട നീ അധികവും ഒറ്റയ്ക്കയിരുന്നല്ലോ
എന്നെ പോലെ . ആ തണലില്‍ ഞാന്‍ ഇരുന്നപ്പോളും..അത് പോലെ
തണല്‍ പടര്‍ത്തുന്ന നീയും ഞാനും മുകളിലെ ചൂടില്‍ ഉരുകുമ്പോളും
നമ്മെ നനച്ചു തനിച്ചിട്ടു പോയ മഴയെ സ്നേഹിച്ചിരുന്നോവോ..
ആ മഴയെത്തുംമുമ്പേ സ്വഗതവേകനെന്നോണം ഗ്രീഷ്മത്തില്‍ പൂക്കുന്നുനീ , 
വരാനിരുന്ന വസന്തത്തെ മറന്നു,പ്രണയത്തിനായ്‌ നീ ചൂടും ചുവന്ന തലപ്പാവ്  !!
നിന്നിലെ പൂക്കളെ നിലത്തടിയിച്ചു അവള്‍ വീണ്ടും അണയവേ..
പരിഭവം പറയാതെ പ്രണയം പറയാതെ അവളറിയാതെ പ്രണയിച്ചു കൊണ്ട്
എന്നിട്ടും നിന്‍റെ ശിഖിരങ്ങള്‍ ഓടിച്ചവള്‍ കടന്നു പോയോ ..
വീണ്ടും നീ കിളിര്‍ത്തതു ആ പ്രണയത്തില്‍ അവളറിയാതെ ശേഷിച്ച
പ്രണയത്തിന്‍റെ ജലകണങ്ങള്‍ നീ സംഭരിച്ചതുകൊണ്ടോ..
നിന്‍റെ ജീവജലവും അതുതന്നെ അല്ലോ..പ്രണയത്തിന്‍റെ ശിഷ്ടം ..
എന്‍റെയും..ഞാനും ഒരു ഗുല്‍മോഹര്‍ !!


Wednesday, August 10, 2011

നിന്നെ മറന്നെങ്കില്‍...

നിന്നെ മറന്നെങ്കില്‍ എനിക്കെന്നേ മരിക്കാം
നിന്നെ കുറിച്ചുള്ള ഓര്‍മകളുടെ പീയൂഷം
സിരകളില്‍ പടര്‍ത്തി ,എല്ലാം മറന്നു
ആ നഷ്ടത്തില്‍  വേദന മാത്രം ഭുജിച്ചു
സ്വയം പുകയായി അലിയേണ്ട ഞാന്‍ !

എന്‍റെ മരണം വരെ ആസ്വദിക്കേണ്ട
ആ വേദനയുടെ  ലഹരി
എനിക്കു സമ്മാനിച്ച നിന്നെ മറക്കില്ല ഞാന്‍ !!

ഒരു കാര്യം ,ഒരു സ്വകാര്യം , നീ എനിക്കു ഒരാളല്ലെന്നും
ഞാന്‍ ആ ലഹരിക്കായ്‌ നിന്നെ നഷ്ടപ്പെടുത്തിയെന്നും !!

Tuesday, August 9, 2011

<>പട്ടം <>''''''''''''''

നമ്മളറിയാതെ കൂടുതല്‍ സ്നേഹിക്കുന്നവരെ
കൂടുതല്‍ തന്റെ വരുതിയിലാക്കാന്‍ ശ്രമിക്കവേ
ഉയരങ്ങള്‍ തേടി, കേട്ട് പൊട്ടിച്ചു പറക്കാന്‍ അവര്‍
ശ്രമിച്ചേക്കാം..ശാന്തിയുടെ ഉയരങ്ങള്‍ തേടി ..
ഒരു പട്ടം കണക്കെ...നാനാവര്‍ണ്ണങ്ങള്‍ ചാലിച്ച പട്ടം
സ്നേഹിച്ചവരുടെ കൈയൊപ്പ്‌ പതിഞ്ഞ പട്ടം !!
സ്നേഹം മാത്രമല്ല എല്ലാം, സ്വതന്ത്രവുംമല്ല ..
സ്നേഹം കൊതിക്കുന്നവ്ര്‍ക്കും സ്നേഹിച്ചു തീരാത്തവക്കുമായ്
ഒരു പൊട്ടിയ പട്ടത്തിന്റെ ഉപദേശം..

Friday, August 5, 2011

മയിലും മുകിലും

മഴയെക്കാത്തിരുന്ന മയിലിനരിയില്ലയിരുന്നു
മഴയെ ഉള്ളിലൊളിപ്പിച്ച വിരഹാര്‍ദ്രയായ
മുകില്‍ ഏതെന്നു ..
മഴപെയിക്കാതെ കടന്നുപോയ മുകിലുകളോടൊപ്പം
കുറെ സ്വപ്നങ്ങളും അകന്നു പോയി...
പിന്നെ പിന്നെ മുകിലുകളെ നോക്കാതെയായപ്പോള്‍
ആരെയോ പറ്റിച്ച സന്തോഷത്തോടെ
മുത്തുമണികളുതിര്‍ത്തു ഓടിയെത്തിയ മഴയെ
എതിരേറ്റു ആനന്ദനൃത്തമാടാന്‍ മയില്‍ നിന്നില്ല !

Monday, August 1, 2011

വാഴയില രാവണന്‍ ..

ശീമകൊന്ന കമ്പ് വളച്ച വില്ലുകുലച്ചു
അമ്മ കാണാതെ ഈര്‍കിളി ചൂലില്‍നിന്നും
ഊരിയെടുത്ത അമ്പുകള്‍ ഉയരത്തിലെ
വാഴയില  രാവണന്റെ ചങ്കില്‍
ഇന്നു കുഞ്ഞു മരുമക്കള്‍ക്കായി ഞാന്‍ ഉന്നം പിടിച്ചപ്പോള്‍
അമ്പിന്റെ വേഗതയുടെ കോടാനുകോടി വേഗതയില്‍
ബാല്യത്തെ വീണ്ടും കണ്ടു ,വേണ്ടും നുകര്‍ന്ന് ..
ആ നിമിഷാര്‍ധനേരത്തെ നിര്‍വൃതിയില്‍ ഞാന്‍ !
നിഷ്കളങ്കതയുടെ ബാല്യം ,വളരുമ്പോള്‍ പടരും വിഷം
തിരികെ വരാനാകാതെ നമ്മെ വിട്ടകലും നിഷ്കളങ്കത,ബാല്യം !!
നിഷ്കളങ്കതയുടെ കുറച്ചുഭാഗം ഞാന്‍ എന്നില്‍ ഒളിപ്പിച്ചു വച്ചുവോ ?
ഇടയ്ക്കിടെ നിമിഷനേരത്തേക്ക്  ബാല്യം എന്നില്‍ തിരികെ എത്താന്‍ !


Monday, July 18, 2011

ജാതകപലകയിലെ ശിഷ്ടം

കഷ്ടകാലത്തിന്റെ കണക്കെടുപ്പിനായി
ശിഷ്ടകാലം തീര്‍ക്കാതെ,
ഉയര്ത്തെഴുന്നേല്‍ക്കേണ്ടതുണ്ടെനിക്കു !
ജാതകപലകയില്‍ നിറയും കരുക്കളുടെ
കുരുക്ഷേത്രഭൂമിയിലെ ശിഷ്ടമല്ലെന്റെ
ഭാവിയുടെ കാവലാള്‍ !

അതിബുദ്ധിമാനായ കഴുത

ഒരു വിഷയം മാത്രം എന്‍റെ വരികളില്‍ നിറയുന്നുവോ ?
എന്തേ എന്ന് പലവട്ടം ഞാന്‍ എന്നോട്  ചോദിച്ചു !
ഞാന്‍ വളര്‍ന്നില്ലെന്നും ,എന്‍റെ ചിന്തകള്‍ തളയ്ക്കപ്പെട്ട
തലതെറിക്കപ്പെട്ട, തലതിരിക്കപ്പെട്ട ചിന്തകള്‍ അതുമാത്രമെന്നും !

നഷ്ടത്തിന്റെ നഷ്ടബോധത്തിന്റെ ഊഞ്ഞാലിനെ
അത്രമാത്രം സ്നേഹിക്കുന്നുവോ ഞാന്‍ !!
ഒരു പക്ഷെ നേട്ടങ്ങള്‍ എന്തെന്നറിയാത്തത്‌ കൊണ്ടാകാം
പ്രണയം ഇന്നും എനിക്കൊരു സമാനതകളില്ലാത്ത സമസ്യ !

പഞ്ഞിക്കെട്ടിന്റെ മൃദുലമാം മനസുമായി ,
സ്നേഹത്തിന്റെ, പ്രണയത്തിന്റെ
പുഴ മുറിയെ കടക്കാനൊരുങ്ങിയ
പാവം അതിബുദ്ധിമാനായ കഴുത ഞാന്‍ !!

Thursday, July 14, 2011

ഒരു രക്തസാക്ഷി

ഇന്നലെ ഞാന്‍ ഉറങ്ങാതിരുന്നെഴുതിയ വരികള്‍ക്ക്
മദ്യത്തിന്റെ വിയര്‍പ്പിന്റെ വിരഹത്തിന്റെ വിഷാദത്തിന്റെ മണം
എന്‍റെ കഥ പറയാതെ പറയുന്നവ,
ഞാന്‍ പറയാതെ പോകുമായിരുന്നവ   !

ഞാന്‍ അറിയാത്ത ലോകം എന്നെ അറിയാത്ത ലോകം
ഇനിയും മനസിലാകാത്ത സമസ്യകള്‍ സ്നേഹം, പ്രണയം ..

പ്രണയം എനിക്ക് തിരികെ നല്‍കിയ  വളപ്പൊട്ടുകള്‍ ഞാന്‍
സൂക്ഷിച്ച ഹൃദയത്തില്നിന്നും ചോര്നോലിക്കുന്ന ചുടു  രക്തം ;
ഞാന്‍ കാണ്‍കെ എന്നില്‍ നിന്നും അകലുന്ന ജീവന്‍ !
സ്നേഹത്തിനായ് അങ്ങനെ ആരുമറിയാതെ ഒരു രക്ത'സാക്ഷി '!!

Wednesday, June 29, 2011

എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചത് ...

പറയാതെ പോകുന്നു എന്നറിഞ്ഞിട്ടും
എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചത് ..
നീ അവളോട്‌ പറയരുത് എന്നായിരുന്നു
പക്ഷെ ഞാന്‍ ...
ഒരു പക്ഷെ ആ പ്രണയത്തിന്റെ മരണവും
അവിടെ തുടങ്ങിയോ ..അറിയില്ല ...
ഇന്നവളെനിക്ക് സ്നേഹിതരില്‍ ഒരാള്‍ മാത്രം !!
നഷ്ടം പ്രണയത്തിനു ,എനിക്ക് , അവള്‍ക്കു ...!

Saturday, June 25, 2011

ഓര്‍മ്മച്ചെപ്പ്

എന്‍റെ മനസ്സിലെ ഓര്‍മ്മചെപ്പിലേക്ക്
ഓടി കയറുന്നവരോട് ...
ആ ഓര്‍മച്ചെപ്പില്‍  ചിതലുണ്ട് !
ചിലതിനെ മാത്രം അരിച്ചുകളയും ചിതല്‍ ,
ചിലതില്‍ ചിലപ്പോള്‍ എന്നിലെ നീയോ
നിന്നിലെ ഞാനോ ആകാം..
ചിതലരിക്കാത്ത ചില ഓര്‍മ്മകള്‍
എനിക്ക് ചിതയോരുക്കും മുമ്പേ
നാളെ , നമ്മള്‍ കണ്ടുമുട്ടിയെന്നിരിക്കാം ,
ആള്‍ക്കൂടങ്ങളില്‍ തിരിച്ചറിയാതെ..

Tuesday, June 21, 2011

~~~നീരുറവകള്‍ ~~~

എഴുത്തെന്ന എന്നിലെ നീരുറവകള്‍
ഒരു പക്ഷെ നാളെ വറ്റിയെക്കാം ..
ഇതെന്റെ അവസാന കവിതയായേക്കാം..

ഈ മുകളിലെ വരികള്‍ വായിച്ചു
ഹോ രക്ഷപ്പെട്ടെന്ന് നിങ്ങളില്‍ ചിലര്‍ !

എഴുതാനായി എഴുതി തുടങ്ങിയതല്ല ഞാന്‍
ഒരു അണയാത്ത ജലധാര എന്നില്‍
ഉറങ്ങികിടന്നിരുന്നെനു  അതിനര്‍ത്ഥം ഇല്ല !
പറയാതെ പോകും വിങ്ങലുകളില്‍
ഉരുള്‍പൊട്ടയതില്‍ സൃഷ്ടി ..എന്‍റെ നീരുറവകള്‍ !

പരുക്കന്‍ , വിനാശകാരി ; പക്ഷെ അവ രക്ഷിച്ചെടുത്ത
ഈ കുന്നിനിയും ബാക്കിയുണ്ട് , ഇനിയും ബാല്യമുണ്ട് !

Friday, May 6, 2011

അക്ഷരങ്ങളുടെ രക്ഷ


ഇന്നലെ അക്ഷരങ്ങളുടെ കൂട്ടുകരനായിരുന്നില്ല ഞാന്‍
ഇന്നെന്നെ തനിച്ചാക്കി  അവര്‍ അകന്നപ്പോള്‍ ,അല്ല
എന്നിലേക്ക് മാത്രം നടന്നു ഞാന്‍ സ്വയം അകന്നതോ ?
ഒന്നിനും കൊള്ളതവന്റെ കൊട്ടാരത്തിലെ രാജാവാകാന്‍ !

ഇന്നലെ കണ്പ്പാര്‍ക്കാത്ത  അക്ഷരങ്ങളുടെ സാമ്രാജ്യം
ഇന്നെന്റെ സ്വന്തം , എന്‍റെ സ്മാരകത്തില്‍ അവ മാത്രം
എന്‍റെ ഇരുളടഞ്ഞ ജീവിതം , നാളെ ഈ വരികളിലൂടെ
ഇന്നലെ എനിക്ക്  പ്രിയപ്പെട്ടവര്‍ എന്നെ അറിയട്ടെ ..

ആരോടും  പറയാതെ  അവരില്‍നിന്നും അകന്നത്
എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിരകുമുളച്ചപ്പോളല്ല !
ചിറകുകളുമായ് അവ  എന്നില്‍ നിന്നും  പറന്നകന്നപ്പോളാണ്
ഇന്നു ഈ സ്വപ്നശൂന്യന്‍ സ്വയം സൃഷ്‌ടിച്ച തടവറയില്‍ ..

അക്ഷരങ്ങള്‍ മാത്രമാണിന്നെന്റെ  കൂട്ട്, ഇങ്ങോട്ടൊന്നും മിണ്ടാത്തവ
എന്‍റെ ഹൃദയസ്പന്ദനങ്ങള്‍ പേറി ഒഴുകുന്ന നദികളീ വരികള്‍
ശാന്തതയുടെ താഴ്വരകളിലെക്കൊഴുകിയെത്തും വരെ
രൌദ്രതാളത്തിലോഴുകും ഞാന്‍ ആലിച്ചു കളയുന്നത്
എന്നെ സ്നേഹിച്ചവരുടെ സ്നേഹവും പ്രതീക്ഷയും !

നാളെ പ്രതീക്ഷയുടെ സമതലങ്ങളില്‍  എന്നിലേക്ക്‌ അണയുന്ന നദിയുടെ
സൌമ്യതാളത്തില്‍ സംഗമത്തിന്റെ നിര്‍വൃതിയില്‍ ഞാന്‍ ഒരു മഹാനദി !
അന്നെന്നില്‍ നിന്നും അടിയുന്ന സ്നേഹത്തില്‍ മണല്‍തരികളില്‍
ഒരു ഭൂമി സ്വപ്നഭൂമി പിറന്നേക്കം, അവിടെ ഞാന്‍ വിരുന്നൊരുക്കാം ..

Thursday, March 31, 2011

മറവി


മറവിയുടെ അനന്തസാഗരത്തിലേക്ക്
ചെറുതോണിയില്‍ ഞാന്‍ അകലവേ
ആരും പിന്‍വിളി വിളിക്കാതെ ..
ചൂണ്ട എടുക്കാന്‍ ഞാന്‍ മറന്നതല്ല

സ്വയം ഇരുട്ടായ് ഇരുട്ടിലലിയാന്‍
റാന്തലും മനപൂര്‍വം മറന്നു ..
മറന്നു  മറന്നു  മരണത്തിന്റെ ചക്രവാളത്തിലേക്ക്
മടക്കം , സ്വയം മറന്നതിലൂടെ ഒടുക്കം !

Friday, March 25, 2011

== == == വഴി == == ==

അക്ഷരതെറ്റുകള്‍ കൂടിവന്നു
അക്കവും അക്ഷരവും മാറിവന്നു
മാറ്റത്തിനൊപ്പം നടക്കാന്‍ മറന്നു പോയി
പോയ വഴികള്‍ എന്നില്‍ നിന്നകന്നും പോയി

പെരുവഴിയില്‍ നില്‍കുമ്പോള്‍ ഞാനറിഞ്ഞു
എന്‍റെ വഴി ഇനിയും പിറക്കേണ്ടി ഇരിക്കുന്നു
എന്റെ നിയോഗം കാത്ത് ഞാനിരിക്കെ
കാലം എന്നിലെ കനല്‍ എരിയിക്കുമ്പോള്‍
വെറുതെ കുറിച്ചിടുന്നു, കുറെ മണ്ടത്തരങ്ങള്‍.
വംഗതരത്തേക്കാള്‍ നല്ലതാം മണ്ടത്തരങ്ങള്‍!

കെട്ടിയ  വേഷങ്ങള്‍ പലവിധം പലതരം, പക്ഷെ 
കോമാളി വേഷങ്ങളോടാനെനിക്കിന്നു  പഥ്യം.

Thursday, March 24, 2011

ഭീരുവിന്റെ പ്രണയം

ഞാന്‍ അവളെ സ്നേഹിച്ചിരുന്നു
ചിലപ്പോള്‍ അവളും , അറിയില്ല
ചോദിക്കും  മുമ്പേ അവള്‍ അകന്നു

പറയണോ,വേണ്ടയോ, പറയേണ്ടതെങ്ങനെ ?
ഞാന്‍ അറിയാതെ  എന്നിലെ ശങ്ക,
എന്നില്‍ നിന്നും അകലാന്‍
അവള്‍ക്കു  സമ്മാനിച്ചതൊരു പങ്കായം!
അകലങ്ങളിലെക്കവള്‍ അകലുന്നതും നോക്കി
ആരുമില്ലാത്ത തുരുത്തില്‍ ഹതാശനായ ഞാന്‍ ..

ഡയറിയില്‍ ഒതുങ്ങിയ ഭീരുവിന്റെ പ്രണയം..
അവളൊഴിയാതെ നിറഞ്ഞു നില്‍ക്കും
വാതിലുകള്‍ അടച്ച നാലറകളുടെ ഹൃദയം.
ഇന്നു തുരുമ്പിച്ച മനതന്ത്രികള്‍ അന്നു മീട്ടാന്‍ മറന്ന ഈണം
ഇന്നെനിക്കായ്  മാത്രം  മൂളുന്ന നഷ്ടസ്വപ്നങ്ങളുടെ തിര !!

മറവിയുടെ ജ്വാലാമുഖത്തേക്ക് ‌ അവളെ  
പറഞ്ഞയക്കാതെ ഞാനിരിക്കെ
ഞാന്‍ അറിയാതെ എന്നെ ദഹിപ്പിക്കും
ജ്വലയാം  ചിന്തകള്‍ ..Sunday, March 20, 2011

പൂവിലൂടെ തിരിച്ചു പോകാനിരുന്നവന്‍

ഞാന്‍ ഇനി കവിത എഴുതില്ല !!
ഒരു കവി ആയി അറിയപ്പെട്ടാലോ ?
മോര്‍ച്ചറിയുടെ കൊടുംതണുപ്പില്‍ വിറങ്ങലിച്ച
എന്‍റെ ശരീരം അഞ്ചുദിനങ്ങള്‍ , 
കിടക്കുന്നതു കണ്ടേ മടങ്ങാവൂയെന്ന
ഗതിക്കേട്‌ എന്‍റെ അത്മാവിനുണ്ടാകരുതേ..!!
അങ്ങനെ ഒരു മാവ് ഉണ്ടോന്നുമെനിക്കറയില്ല

മരണം കഴിഞ്ഞാല്‍ വീടിലെ മാവ് തിടുക്കം മുറിച്ചിടണം..
പിന്നെ തെക്കേ പറമ്പില്‍ അഗ്നിശുദ്ധികലശം  നടത്തി
പരേതാത്മാവിന്  പരലോകത്തേക്കു
വേഗേന വിസ കൊടുത്തു വിടണം 
ഇല്ലേ ഗതി കിട്ടാ അത്മവായ് അലയുമെന്നു പഴമക്കാര്‍ .

ഇന്നലെ  അങ്ങനെയൊരു ദേഹം ,
മോര്‍ച്ചറിയില്‍ കിടന്നിരുന്നു  ഒന്നും അറിയാതെ
തെരുവുകളെ സ്വന്തമെന്നു കരുതി ,
മേല്‍വിലാസംമില്ലാതെ  വിലസി, അലഞ്ഞു
കവിത രചിച്ചു  നടന്ന ഒരു മനുഷ്യ കവിയുടെ ,
ദിവസങ്ങള്‍ മുമ്പേ ശവമായവന്‍ !!

അയാള്‍ തന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് മുമ്പേ പറഞ്ഞിരുന്നു..
"എന്‍റെ ഹൃദയത്തിന്റെ സ്ഥാനത് ഒരു പൂവുണ്ടാകും ..
മണ്ണു മൂടുന്നതിനു മുമ്പ് ഹൃദയത്തില്‍ നിന്നുമാ  പൂപറിക്കണം ..
പൂവില്ലൂടെ എനിക്ക് തിരിച്ചു പോകണം ..
പൂവിലൂടെ  എനിക്ക് തിരിച്ചു പോകണം "

അതേ തെരുവുകളില്‍ മരണം നടന്നു, 
ശവപ്പെട്ടി ചുമക്കാന്‍ വന്നവര്‍, പാവം ശവം, കാത്തു കിടന്നു ..
തിരക്കൊഴിഞ്ഞു  വൈകിയെത്തേണ്ട
കപടസമൂഹത്തിലെ പൌരമുഖ്യന്മാര്‍ക്കായി   !!

ഹൃദയത്തിന്റെ സ്ഥാനത് അയ്യപ്പണ്ണന്‍ കൊണ്ടുനടന്നൊരാ പൂവ് 
ഇതിനിടെ  ജീര്‍ണിച്ചു നശിച്ചു പോയി ..
ശവപ്പെട്ടി ചുമക്കേണ്ടവര്‍ വെട്ടിലായി ..!!
പൂവിലൂടെ തിരിച്ചു പോകാനിരുന്ന ആ  പച്ച മനുഷ്യന്റെ ആത്മാവും !!വാല്‍കഷ്ണം : പ്രിയ കവി  എ.അയ്യപ്പന്‍റെ മരണവും അതിനുശേഷം ആ ദേഹം അഗ്നിക്കിരയക്കാന്‍ എടുത്ത കാലതാമസവും കണ്ടുനില്‍ക്കെണ്ടിവന്ന ഈ ആരാധകന്റെ  അത്മരോക്ഷത്തില്‍ പിറന്ന ഈ കവിത കുറച്ചു മാസം മുമ്പ് എഴുതിയതാണ് .ഓര്‍ക്കുട്ട് കവിതാ കമ്മ്യൂണിറ്റി ഇല്‍ മാത്രം പോസ്റ്റ്‌ ചെയ്ത ഈ കവിത , ഓര്‍ക്കുട്ടില്‍ നിന്നും കുറ്റിയും പറിച്ചു ഞാന്‍ പോരുമ്പോള്‍ ഇങ്ങോട്ടേക്ക് മാറ്റിയതാണ് ..Friday, March 18, 2011

മെഴുകുതിരി

ആശയുടെ ആശ്വാസം അകലെ
നിരാശയുടെ നീലക്കയങ്ങള്‍ അരികെ
നിശ്വാസങ്ങള്‍ നിറയെ നീറും ദീര്‍ഘശ്വാസങ്ങള്‍
ആകുലതകളുടെ തിരയിളക്കത്തില്‍ അണയാതെ
എരിയും തിരിയിലെ തീയില്‍ സ്വയമുരുകും മെഴുകുതിരിയും
ഞാനും !

Thursday, March 17, 2011

നമ്മള്‍ കൊയ്യേണ്ട വയലുകള്‍ !

നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടെതാകും !
നാടിനെ മോഹിപ്പിച്ച ഗാനം ,ആ വിപ്ലവഗാനം,
വീണ്ടും കേള്‍ക്കാനിടയായി ഒരു മല്ലു !
ആ  ഹതഭാഗ്യനോ ഞാന്‍ തന്നെ !

ഇന്നു കൊയ്യാന്‍ വയലില്ലെങ്കിലെന്താ
ഓ ന്‍ വി മാഷിനു ജ്ഞാനപീഠം!
അന്നു പട്ടേറ്റു പാടിയ നാടിന്‍റെ,എന്‍റെ നാടിന്‍റെ
വിപ്ലവവീര്യം ചോര്‍ന്നു പോയോ ?
പാടിയത് തെറ്റായെന്നു തോന്നിയ
പ്രിയകവിയും വഴി മാറി നടന്നുവോ ?

ഉള്ളിയുടെ ഉരുളകിഴങ്ങിന്റെ വിലകയറ്റം
തോരനരിയേണ്ട കത്തിമാത്രം അറിഞ്ഞില്ല !
ഉദാരവല്‍ക്കരണ കാമധേനു പാല്‍ച്ചുരത്തുന്നു
ഭക്ഷിക്കാനതിനു  നിയമത്തെ മതി ..
വെറും നിയമത്തെ മാത്രം  മതി ..

പണമുള്ളവന്റെ നിയമം...സുവര്‍ണ ഇന്ത്യ !
നാടിന്‍റെ വക്കാലത്തിനായ്‌ അരപക്ഷ്ണിക്കാര്‍
അയച്ചു വിട്ട മഹാന്മാരെ നിങ്ങള്‍ക്കു സ്തുതി !!
കാട്ടാകടയുടെ കണ്ണടകള്‍ നിങ്ങള്‍ വാങ്ങിച്ചുവല്ലേ !

ഇങ്ങകലെ എന്‍റെ നാട്ടില്‍ മണ്ണിട്ട വയലുകള്‍
വിളവെടുപ്പിനായ്‌ കാത്തിരിക്കുന്നു ..കൊയ്യാന്‍ ..
നെല്ലല്ല..പതിരില്ല..പണമെന്ന വിളയ്കായ്‌ കാത്തിരിപ്പു

അത്മരോഷങ്ങളുടെ തുടര്‍കഥ മാത്രമായ് ഞാന്‍
എഴുതുന്ന എന്‍റെ വരികള്‍ പ്രാകൃതമാകാം ..
ക്ഷമിക്കുക പുതുയുഗത്തിലെ ഈ പ്രകൃതനോട് ..
ദഹനക്കേടിന്റെ അസ്കിതയാണ്‌..
കണ്ടതും കേട്ടതും  മുഴുവന്‍ ദഹിക്കാത്തതിന്റെ !

Tuesday, March 15, 2011

ഉരല്‍ ‍, ഉടല്‍


ഉടലില്‍ കെട്ടിയ ഉരലിനെ,തന്‍ പിന്നേ ഉരുട്ടിയ ഉണ്ണികണ്ണാ ,നിന്റെ
ഉരലില്‍ ഉടക്കിയ ഇരുമരങ്ങളുടെ ശാപമോക്ഷത്തിന്‍ കഥ പറയവേ
ഉത്സാഹത്തോടെ ഉണര്‍ന്നിരുന്ന ഉണ്ണിക്കുട്ടന്‍ ചോദിച്ചു :
ഉരലെന്നാലെന്താ മാമാ ഉരുണ്ടിരിക്കുമോ ?

ഉലകത്തില്‍ നിന്നും പോയിമറഞ്ഞ ഉരലിനെ
ഉലക്കയുടെ ഭാര്യ എന്നുപറഞ്ഞാലോ ?

വേണ്ട ; ഉരലും ഉലക്കയും ഉറിയും ഉണ്ണി കണ്ടിട്ടേ ഉണ്ടാകില്ലലോ ..
ഉത്തരം മുട്ടി ഇരിക്കെ; ഉണ്ണിയെ ഉണ്ണാന്‍ വിളിക്കാനെത്തിയ  പെങ്ങളില്‍  ഉത്തരം !
ഉടല്‍ ഉരല്‍ പോലെയുള്ള ഉണ്ണീടെ അമ്മേടെ ഉടല്‍ പോലെ ഉരല്‍ !
ഉരല്‍ തൊടാതെ പോകുന്ന ഉടലുകള്‍ ഉരല്‍ പോലെ ..

ഉത്തരം മുട്ടിച്ച ഈ ഉരല്‍ കഥ , കവിതയായ് എഴുതിയ എന്നെ കാത്തു
ഉലക്കകള്‍ ഊര് ചുറ്റുന്നു, ഇനി ഇമ്മാതിരി ഉരലുമായ് വരാതിരിക്കാന്‍ !

Sunday, January 16, 2011

ഛായകൂട്ടുകളിലൂടെ ദൈവരൂപങ്ങള്‍ വിരിയിച്ചെടുത്ത മുത്തച്ഛന്റെ സൃഷ്ടികളില്‍ എനികേറ്റവും പ്രിയപ്പെട്ടത് ...

കുട്ടിക്കാലത്ത്  ഞാനും  നല്ല ചിത്രങ്ങള്‍  വരക്കുമായിരുന്നു , എന്നും നിറങ്ങളുടെ കൂട്ടുകാരനാകാന്‍ കൊതിച്ചിരുന്നു.മുത്തച്ഛന്റെ കാലശേഷം അദ്ദേഹത്തിന്‍റെ പെയിന്റ് ബ്രഷ് കൂട്ടം എന്‍റെ കൈയില്‍ എത്തിയതുമായിരുന്നു;അച്ഛന്‍ കൊണ്ട് വന്നു തന്ന ആ ബ്രഷ് കൂട്ടം എന്‍റെ ഓര്‍മയില്‍ ഇപ്പളും വ്യക്തം..ഒരു പക്ഷെ ഞാന്‍ ആഗ്രഹിച്ചതിനെക്കാള്‍ ഞാന്‍ നിറങ്ങളുമായി ചങ്ങാത്തതിലാകുന്നത് എന്‍റെ അച്ഛന്‍ ആഗ്രഹിച്ചു കാണും..
പ്രാരാബ്ധങ്ങളുടെ നടുക്കടലില്‍ നീന്തി കരക്കടുക്കാന്‍ ശ്രമിച്ച ഒരു തലമുറയിലൂടെ അറിയാതെ നഷ്ടപെട്ട പാരമ്പര്യം എന്നിലൂടെ വീണ്ടും തളിര്‍ക്കുന്നതു കാണാന്‍ .. ..വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ അറിയാതെ ആ ബ്രഷുകളില്‍ നിന്നും ഛായകൂട്ടുകളില്‍ നിന്നും  ഞാന്‍  അകന്നു..
ഒരു  നാളില്‍ ..തിരികെ ഞാന്‍ എത്തിയേക്കാം .. ചിതറിപോയ ബ്രുഷുകള്‍ വീണ്ടെടുത്ത്‌ ഒരു വസന്തത്തിന്‍റെ വര്‍ണാഭയുള്ള  സുന്ദരചിത്രങ്ങള്‍ വിരിയിച്ചെടുക്കാന്‍..