Thursday, March 31, 2011

മറവി


മറവിയുടെ അനന്തസാഗരത്തിലേക്ക്
ചെറുതോണിയില്‍ ഞാന്‍ അകലവേ
ആരും പിന്‍വിളി വിളിക്കാതെ ..
ചൂണ്ട എടുക്കാന്‍ ഞാന്‍ മറന്നതല്ല

സ്വയം ഇരുട്ടായ് ഇരുട്ടിലലിയാന്‍
റാന്തലും മനപൂര്‍വം മറന്നു ..
മറന്നു  മറന്നു  മരണത്തിന്റെ ചക്രവാളത്തിലേക്ക്
മടക്കം , സ്വയം മറന്നതിലൂടെ ഒടുക്കം !

Friday, March 25, 2011

== == == വഴി == == ==

അക്ഷരതെറ്റുകള്‍ കൂടിവന്നു
അക്കവും അക്ഷരവും മാറിവന്നു
മാറ്റത്തിനൊപ്പം നടക്കാന്‍ മറന്നു പോയി
പോയ വഴികള്‍ എന്നില്‍ നിന്നകന്നും പോയി

പെരുവഴിയില്‍ നില്‍കുമ്പോള്‍ ഞാനറിഞ്ഞു
എന്‍റെ വഴി ഇനിയും പിറക്കേണ്ടി ഇരിക്കുന്നു
എന്റെ നിയോഗം കാത്ത് ഞാനിരിക്കെ
കാലം എന്നിലെ കനല്‍ എരിയിക്കുമ്പോള്‍
വെറുതെ കുറിച്ചിടുന്നു, കുറെ മണ്ടത്തരങ്ങള്‍.
വംഗതരത്തേക്കാള്‍ നല്ലതാം മണ്ടത്തരങ്ങള്‍!

കെട്ടിയ  വേഷങ്ങള്‍ പലവിധം പലതരം, പക്ഷെ 
കോമാളി വേഷങ്ങളോടാനെനിക്കിന്നു  പഥ്യം.

Thursday, March 24, 2011

ഭീരുവിന്റെ പ്രണയം


ഡയറിയില്‍ ഒതുങ്ങിയ ഭീരുവിന്റെ പ്രണയം..
അവളൊഴിയാതെ നിറഞ്ഞു നില്‍ക്കും
വാതിലുകള്‍ അടച്ച നാലറകളുടെ ഹൃദയം.
ഇന്നു തുരുമ്പിച്ച മനതന്ത്രികള്‍ അന്നു മീട്ടാന്‍ മറന്ന ഈണം
ഇന്നെനിക്കായ്  മാത്രം  മൂളുന്ന നഷ്ടസ്വപ്നങ്ങളുടെ തിര !!

മറവിയുടെ ജ്വാലാമുഖത്തേക്ക് ‌ അവളെ  
പറഞ്ഞയക്കാതെ ഞാനിരിക്കെ
ഞാന്‍ അറിയാതെ എന്നെ ദഹിപ്പിക്കും
ജ്വലയാം  ചിന്തകള്‍ ..



Sunday, March 20, 2011

പൂവിലൂടെ തിരിച്ചു പോകാനിരുന്നവന്‍

ഞാന്‍ ഇനി കവിത എഴുതില്ല !!
ഒരു കവി ആയി അറിയപ്പെട്ടാലോ ?
മോര്‍ച്ചറിയുടെ കൊടുംതണുപ്പില്‍ വിറങ്ങലിച്ച
എന്‍റെ ശരീരം അഞ്ചുദിനങ്ങള്‍ , 
കിടക്കുന്നതു കണ്ടേ മടങ്ങാവൂയെന്ന
ഗതിക്കേട്‌ എന്‍റെ അത്മാവിനുണ്ടാകരുതേ..!!
അങ്ങനെ ഒരു മാവ് ഉണ്ടോന്നുമെനിക്കറയില്ല

മരണം കഴിഞ്ഞാല്‍ വീടിലെ മാവ് തിടുക്കം മുറിച്ചിടണം..
പിന്നെ തെക്കേ പറമ്പില്‍ അഗ്നിശുദ്ധികലശം  നടത്തി
പരേതാത്മാവിന്  പരലോകത്തേക്കു
വേഗേന വിസ കൊടുത്തു വിടണം 
ഇല്ലേ ഗതി കിട്ടാ അത്മവായ് അലയുമെന്നു പഴമക്കാര്‍ .

ഇന്നലെ  അങ്ങനെയൊരു ദേഹം ,
മോര്‍ച്ചറിയില്‍ കിടന്നിരുന്നു  ഒന്നും അറിയാതെ
തെരുവുകളെ സ്വന്തമെന്നു കരുതി ,
മേല്‍വിലാസംമില്ലാതെ  വിലസി, അലഞ്ഞു
കവിത രചിച്ചു  നടന്ന ഒരു മനുഷ്യ കവിയുടെ ,
ദിവസങ്ങള്‍ മുമ്പേ ശവമായവന്‍ !!

അയാള്‍ തന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് മുമ്പേ പറഞ്ഞിരുന്നു..
"എന്‍റെ ഹൃദയത്തിന്റെ സ്ഥാനത് ഒരു പൂവുണ്ടാകും ..
മണ്ണു മൂടുന്നതിനു മുമ്പ് ഹൃദയത്തില്‍ നിന്നുമാ  പൂപറിക്കണം ..
പൂവില്ലൂടെ എനിക്ക് തിരിച്ചു പോകണം ..
പൂവിലൂടെ  എനിക്ക് തിരിച്ചു പോകണം "

അതേ തെരുവുകളില്‍ മരണം നടന്നു, 
ശവപ്പെട്ടി ചുമക്കാന്‍ വന്നവര്‍, പാവം ശവം, കാത്തു കിടന്നു ..
തിരക്കൊഴിഞ്ഞു  വൈകിയെത്തേണ്ട
കപടസമൂഹത്തിലെ പൌരമുഖ്യന്മാര്‍ക്കായി   !!

ഹൃദയത്തിന്റെ സ്ഥാനത് അയ്യപ്പണ്ണന്‍ കൊണ്ടുനടന്നൊരാ പൂവ് 
ഇതിനിടെ  ജീര്‍ണിച്ചു നശിച്ചു പോയി ..
ശവപ്പെട്ടി ചുമക്കേണ്ടവര്‍ വെട്ടിലായി ..!!
പൂവിലൂടെ തിരിച്ചു പോകാനിരുന്ന ആ  പച്ച മനുഷ്യന്റെ ആത്മാവും !!



വാല്‍കഷ്ണം : പ്രിയ കവി  എ.അയ്യപ്പന്‍റെ മരണവും അതിനുശേഷം ആ ദേഹം അഗ്നിക്കിരയക്കാന്‍ എടുത്ത കാലതാമസവും കണ്ടുനില്‍ക്കെണ്ടിവന്ന ഈ ആരാധകന്റെ  അത്മരോക്ഷത്തില്‍ പിറന്ന ഈ കവിത കുറച്ചു മാസം മുമ്പ് എഴുതിയതാണ് .ഓര്‍ക്കുട്ട് കവിതാ കമ്മ്യൂണിറ്റി ഇല്‍ മാത്രം പോസ്റ്റ്‌ ചെയ്ത ഈ കവിത , ഓര്‍ക്കുട്ടില്‍ നിന്നും കുറ്റിയും പറിച്ചു ഞാന്‍ പോരുമ്പോള്‍ ഇങ്ങോട്ടേക്ക് മാറ്റിയതാണ് ..



Friday, March 18, 2011

മെഴുകുതിരി

ആശയുടെ ആശ്വാസം അകലെ
നിരാശയുടെ നീലക്കയങ്ങള്‍ അരികെ
നിശ്വാസങ്ങള്‍ നിറയെ നീറും ദീര്‍ഘശ്വാസങ്ങള്‍
ആകുലതകളുടെ തിരയിളക്കത്തില്‍ അണയാതെ
എരിയും തിരിയിലെ തീയില്‍ സ്വയമുരുകും മെഴുകുതിരിയും
ഞാനും !

Thursday, March 17, 2011

നമ്മള്‍ കൊയ്യേണ്ട വയലുകള്‍ !

നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടെതാകും !
നാടിനെ മോഹിപ്പിച്ച ഗാനം ,ആ വിപ്ലവഗാനം,
വീണ്ടും കേള്‍ക്കാനിടയായി ഒരു മല്ലു !
ആ  ഹതഭാഗ്യനോ ഞാന്‍ തന്നെ !

ഇന്നു കൊയ്യാന്‍ വയലില്ലെങ്കിലെന്താ
ഓ ന്‍ വി മാഷിനു ജ്ഞാനപീഠം!
അന്നു പട്ടേറ്റു പാടിയ നാടിന്‍റെ,എന്‍റെ നാടിന്‍റെ
വിപ്ലവവീര്യം ചോര്‍ന്നു പോയോ ?
പാടിയത് തെറ്റായെന്നു തോന്നിയ
പ്രിയകവിയും വഴി മാറി നടന്നുവോ ?

ഉള്ളിയുടെ ഉരുളകിഴങ്ങിന്റെ വിലകയറ്റം
തോരനരിയേണ്ട കത്തിമാത്രം അറിഞ്ഞില്ല !
ഉദാരവല്‍ക്കരണ കാമധേനു പാല്‍ച്ചുരത്തുന്നു
ഭക്ഷിക്കാനതിനു  നിയമത്തെ മതി ..
വെറും നിയമത്തെ മാത്രം  മതി ..

പണമുള്ളവന്റെ നിയമം...സുവര്‍ണ ഇന്ത്യ !
നാടിന്‍റെ വക്കാലത്തിനായ്‌ അരപക്ഷ്ണിക്കാര്‍
അയച്ചു വിട്ട മഹാന്മാരെ നിങ്ങള്‍ക്കു സ്തുതി !!
കാട്ടാകടയുടെ കണ്ണടകള്‍ നിങ്ങള്‍ വാങ്ങിച്ചുവല്ലേ !

ഇങ്ങകലെ എന്‍റെ നാട്ടില്‍ മണ്ണിട്ട വയലുകള്‍
വിളവെടുപ്പിനായ്‌ കാത്തിരിക്കുന്നു ..കൊയ്യാന്‍ ..
നെല്ലല്ല..പതിരില്ല..പണമെന്ന വിളയ്കായ്‌ കാത്തിരിപ്പു

അത്മരോഷങ്ങളുടെ തുടര്‍കഥ മാത്രമായ് ഞാന്‍
എഴുതുന്ന എന്‍റെ വരികള്‍ പ്രാകൃതമാകാം ..
ക്ഷമിക്കുക പുതുയുഗത്തിലെ ഈ പ്രകൃതനോട് ..
ദഹനക്കേടിന്റെ അസ്കിതയാണ്‌..
കണ്ടതും കേട്ടതും  മുഴുവന്‍ ദഹിക്കാത്തതിന്റെ !

Tuesday, March 15, 2011

ഉരല്‍ ‍, ഉടല്‍


ഉടലില്‍ കെട്ടിയ ഉരലിനെ,തന്‍ പിന്നേ ഉരുട്ടിയ ഉണ്ണികണ്ണാ ,നിന്റെ
ഉരലില്‍ ഉടക്കിയ ഇരുമരങ്ങളുടെ ശാപമോക്ഷത്തിന്‍ കഥ പറയവേ
ഉത്സാഹത്തോടെ ഉണര്‍ന്നിരുന്ന ഉണ്ണിക്കുട്ടന്‍ ചോദിച്ചു :
ഉരലെന്നാലെന്താ മാമാ ഉരുണ്ടിരിക്കുമോ ?

ഉലകത്തില്‍ നിന്നും പോയിമറഞ്ഞ ഉരലിനെ
ഉലക്കയുടെ ഭാര്യ എന്നുപറഞ്ഞാലോ ?

വേണ്ട ; ഉരലും ഉലക്കയും ഉറിയും ഉണ്ണി കണ്ടിട്ടേ ഉണ്ടാകില്ലലോ ..
ഉത്തരം മുട്ടി ഇരിക്കെ; ഉണ്ണിയെ ഉണ്ണാന്‍ വിളിക്കാനെത്തിയ  പെങ്ങളില്‍  ഉത്തരം !
ഉടല്‍ ഉരല്‍ പോലെയുള്ള ഉണ്ണീടെ അമ്മേടെ ഉടല്‍ പോലെ ഉരല്‍ !
ഉരല്‍ തൊടാതെ പോകുന്ന ഉടലുകള്‍ ഉരല്‍ പോലെ ..

ഉത്തരം മുട്ടിച്ച ഈ ഉരല്‍ കഥ , കവിതയായ് എഴുതിയ എന്നെ കാത്തു
ഉലക്കകള്‍ ഊര് ചുറ്റുന്നു, ഇനി ഇമ്മാതിരി ഉരലുമായ് വരാതിരിക്കാന്‍ !