Monday, November 28, 2011

വോട്ടിടാന്‍ ഇനിയും നീ !

വരണ്ടഭൂമിയില്‍ പൊഴിയുന്നു
കര്‍ഷകന്റെ അശ്രുബിന്ദു
ജീവന്‍

കണ്ണുതുറക്കാത്ത ഈശ്വരന്‍
ഹവിസ്സിനായ് മാത്രം ഭൂമിയില്‍
ദേവന്‍മാര്‍

തുറന്നിട്ട ജാലകത്തിലൂടെ
വിപണിയുടെ തടാകത്തില്‍
കുറെ പിരാനകള്‍

വില്‍ക്കൂ ഇനി എന്നെ കൂടി
വില്‍ക്കാന്‍ ഒന്നുമില്ലത്തവന്‍
ഇല്ല,വോട്ടിടാന്‍ ഇനിയും നീ !

അപൂര്‍ണ ഭാവങ്ങള്‍

മഴ
കുടനന്നാക്കുന്നവന്‍ ഒരുത്തന്‍
കീറിയ കുടയില്‍ കൂനികൂടി ഇരിക്കുന്നു
മഴ

വിശപ്പും ഭക്തിയും
അമ്പലത്തിലെ പായസ്സത്തിനായ്‌
ഭക്തി ഉണ്ണുന്നു, മക്കള്‍ ഉപേക്ഷിച്ച വൃദ്ധ ...
വിശപ്പും ഭക്തിയും

ദൈവം
അപൂര്‍ണനില്‍ നിന്നും
പൂര്‍ണനിലേക്കുള്ള വളര്‍ച്ചയില്‍
സ്വയം നഷ്ടപെട്ട മനുഷ്യന്‍
ഏതോ തമോഗര്‍ത്തത്തില്‍ ഉറങ്ങുന്നു
മനുഷ്യനെ ഉപേക്ഷിച്ച ദൈവം
ഒരേ ഒരു ദൈവം

വളര്‍ച്ച
വളര്‍ച്ചയുടെ മത്സരത്തില്‍
ഒന്നിനൊന്നു മികച്ച കവുങ്ങുകള്‍
വെട്ടാറായെന്നു വിളവെടുക്കേണ്ടവന്‍

മരണം
ഉറ്റവരുടെ മരണം ഒരു ഓര്‍മപ്പെടുതലാണ്
ഓര്‍മ്മ ചുരുളഴിച്ചു, ഭൂതത്തില്‍ നിന്നും
ഓടിതുടങ്ങുന്ന ചക്രം
വര്‍ത്തമാനത്തില്‍ നില്‍ക്കാതെ ...
ഭാവിയിലെ മരണത്തെ ഓര്‍മിപ്പിച്ചു
ഓടിമറയുന്നു...

നഷ്ടം
ആശാന്‍ കണക്കെഴുതുന്നു
ശിഷ്യന്‍ പുറത്തെ കിളിമരത്തില്‍
ചൂരലില്‍ ഒരു കവി മരിച്ചു

ഭൂമിയില്‍ ഉറങ്ങുന്ന സുനാമി
അണപോട്ടുന്നരോഷം
പൊട്ടാറായ അണ
തമിഴന്റെ സ്തെതസ്കോപ്പ്
സുരക്ഷിതത്വത്തിന്റെ താഴ്‌വരയില്‍
ആറാനിട്ട ഖദറുകള്‍

Wednesday, November 23, 2011

പാരിജാതം

കൊഴിഞ്ഞു വീണ പാരിജാതപൂവുകളോട്
ഞാന്‍ ചോദിച്ചറിഞ്ഞ കഥയിലെ വേദന
എന്‍റെ വേദനയെക്കാള്‍ ഏറെ ...
സൂര്യനെ സ്നേഹിച്ച പാരിജാതം...
തന്നെ അര്‍ഹിക്കാത്ത സൂര്യനെയോര്‍ത്തു
അത്മഹൂതിചെയ്ത കന്യകയുടെ പുത്രി ...
എന്നിട്ടും നീ എന്തേ സൂര്യനെ സ്നേഹിക്കുന്നു?
സൂര്യനുണരുമ്പോള്‍ അകലേണ്ട ക്ഷണികജീവിതം ...
നീ പരത്തും സുഗന്ധത്തില്‍ വേദനയുടെ സ്വര്‍ഗ്ഗം !!!
അമ്പലത്തിലെ പൂജാപുഷ്പത്തിന്‍ വേദന കാണാത്ത
വിഗ്രഹം എന്‍റെ വേദന അറിയേണ്ടതില്ല ...
എന്നുള്ളില്‍ കുഴിച്ചുമൂടാം എന്‍റെ വേദനകള്‍ ...
ആരുമറിയാത ഈ വേദനകള്‍ എനിക്ക് സ്വര്ഗ്ഗമൊരുക്കട്ടെ !!!

മണ്‍കട്ട

കാലവര്‍ഷത്തില്‍ പെയ്തൊഴിഞ്ഞ മഴയില്‍
നീറിയൊലിച്ച മണ്‍കട്ടയെ വീണ്ടും ഒതുക്കിയ
കരങ്ങളെ വഞ്ചിച്ചു തുലാവര്‍ഷത്തിന്‍റെ കുളിരുതേടാന്‍
ഒരുങ്ങുന്ന മണ്ണ്കട്ടെ നീ സ്വാര്‍ത്ഥന്‍ !! ...
പിഴവു പറ്റിയതെവിടെന്റെ കട്ടേ ?
നിന്നില്‍ നിലയുറപ്പതീ ഭവനം ..
സൃഷ്ടിയുടെ തീജ്വാലകള്‍ എന്നിലെല്‍പ്പിച്ച വരള്‍ച്ച
മാറ്റാന്‍ ഇത്തിരി ദാഹജലം കൊതിച്ചത് തെറ്റി !!
അറിയിലയില്ലായിരുന്നെനിക്കു പ്രണയമഴ ..
നനയാന്‍ ഞാന്‍ യോഗ്യനല്ലെന്ന് ..
പ്രണയം പ്രണയം മാടിവിളിക്കും പ്രണയം
ഞാന്‍ നിനക്കായ്‌ എന്നെ അലിയിക്കുന്നു
സ്വയം അലിയും വരെ ..എന്തിനെന്നറിയാതെ
ആരോടും പറയാതെ...അലിഞ്ഞലിഞ്ഞ് ..
ഒരു മേഘമായെങ്കില്‍ ഒരു മഴയായ്‌ വന്നവളെ
സ്പര്‍ശിക്കാം എന്‍റെ പ്രണയിനികളെ..
അവര്‍പോലും അറിയാതെ ഞാന്‍ പ്രണയിച്ച അവരെ..

Sunday, November 13, 2011

വെറുപ്പ്‌

അപരിചിതനില്‍ നിന്നും പരിചിതനിലേക്കും
തിരികെ വെറുപ്പിന്റെ കളകള്‍ മുളച്ചു പോന്തുമ്പോള്‍ ;
അപരിചിതത്വം കെട്ടി ആടുമ്പോള്‍ തളര്‍ന്നു പോകുന്ന
എന്നില്‍ നിറയുന്ന കളകള്‍ ഭക്ഷിക്കുന്നത് എന്നെ തന്നെ ...

ഞാന്‍ വെറുക്കാത്ത ലോകര്‍ എന്നെ, വെറുക്കാന്‍ പഠിപ്പിക്കുന്നു
അവരുടെ കൈയില്‍ കൃത്രിമകളനാശനികള്‍ കാണും !!!
കളകളെ ഒന്നൊന്നായി പിഴുതെടുത്ത്‌ കളയുമ്പോളേക്കും
ജീവിതവിളവെടുപ്പില്‍ മടിയില്‍ കനമില്ലാത്ത എന്നെ
നോക്കി പല്ലിളിച്ചു കൊണ്ടു ഉതിര്‍ന്നുവീണ നെല്കതിരെടുത്തു
പറക്കുന്ന മാടത്തത്തകള്‍ ...അവരെ വെറുക്കാന്‍ എനിക്കാകുന്നുമില്ല!!

വെറുക്കാന്‍ പഠിക്കാതെ ഈ ലോകത്തില്‍ പറക്കാന്‍ പറ്റിലെന്നാണോ
അവര്‍ പറന്നകലുമ്പോള്‍ എനിക്കായി പാടിയത്‌ ...ആയിരിക്കാം !!!
എന്നിട്ടും വെറുക്കാന്‍ പഠിക്കാതെ, വെറുപ്പിന്റെ കളകള്‍ പറിച്ചുമാറ്റാന്‍
ശ്രമിക്കവേ ഞാന്‍, ഇതിനിടെ എപ്പോളോ എന്നെ വെറുക്കാന്‍ തുടങ്ങി !!!

Tuesday, November 8, 2011

തളര്ച്ചയുടെ താഴ്വരയില്‍

തളര്ച്ചയുടെ താഴ്വരയില്‍
വരികളുടെ വരള്‍ച്ച,
തളര്ച്ചയിലെ വിളര്‍ച്ച,
വളര്‍ച്ചയിലെ വളവുകള്‍ ,
വെളിച്ചത്തിലെ നഗ്നത,
എഴുതികൂട്ടേണ്ട ചിന്തകള്‍,
ചിന്തകളിലെ രോഷം ...
ആത്മരോഷത്തില്‍ നിന്നുണരും
തീ ...എഴുത്തില്‍ പടരേണ്ട തീ ...
തളര്‍ച്ചയില്‍ എന്നെ പുണരുന്നു ...
തീയില്‍ ദാഹിക്കുന്ന ഞാനും
എന്‍റെ ചിന്തകളും ...
എഴുതാതെ പോകും ജീവിതം .

Monday, November 7, 2011

അതിജീവനത്തിന്റെ കള്ളിമുള്‍ച്ചെടി

ഏകാന്തതയുടെ ആളൊഴിഞ്ഞ മരുഭൂവില്‍,
അതിജീവനത്തിന്റെ മന്ത്രമുരുവിട്ടു
തപസ്സുചെയ്യും കള്ളിമുള്‍ചെടിപോല്‍ ഞാന്‍ ...
അപകര്‍ഷതയുടെ മുള്ളുകള്‍ എന്നെ നിങ്ങളില്‍നിന്നുമകറ്റുന്നു..
അനന്തമാം ഒറ്റയടിപാതയിലെ രാത്രി സഞ്ചാരി ...
ഒളിമാടങ്ങളില്‍ നഷ്ടപെടും പകലുകള്‍ ...
തന്നിലേക്ക്, തന്നിലേക്ക് അവന്‍ താഴ്നിറങ്ങുമ്പോള്‍ ...
അവനെ നഷ്ടപെടുകയാണ്..അവനും നിങ്ങള്‍ക്കും  !!!
മടക്കി വിളിക്കാന്‍ നിങ്ങളുടെ സ്നേഹത്തിനു കഴിയുന്നില്ലെങ്കില്‍
അവന്‍ നിങ്ങളേക്കാള്‍ അവനെ സ്നേഹിക്കുന്നു !!!
തിരികെ വരാതിരിക്കാന്‍ അവനാവില്ല...
സ്വാര്‍ത്ഥനായിരുന്നില്ല ഞാന്‍ അറിയുന്ന അവന്‍ !!!