Monday, November 29, 2010

വഴിയില്ലാ പെരുവഴി


പലവഴികള്‍ പെരുവഴികള്‍,
പെരുവഴിയില്‍ പലവഴികള്‍
വഴിയില്ലാതോര്‍ പെരുവഴിയില്‍!
പേനരിക്കും നായ്ക്കള്‍; നരനായാട്ടുകള്‍,
ആട്ടലും തുപ്പലും പലവഴിക്കായ്‌..
കാലം കഴിയോളം പെരുവഴിയില്‍!
ചിതലരിച്ചളിയുന്ന കടത്തിണ്ണയില്‍,
തൂണുകള്‍ ചാരി മാനം നോക്കി,
മാനം മുറുക്കിയാല്‍ കുടല്‍ കരിയുന്നോര്‍.
പട്ടിണി, പരിവാരങ്ങലോടെ !
ചൊറിയും ചിരങ്ങും പലവ്യാധികള്‍ വേറെ
വിലാസമില്ലാത്ത വിലാപങ്ങല്‍ക്കവധിയാണ്
എന്‍റെ നാട്ടില്‍,ഈ ജനാധിപത്യ ഭാരത മഹാരാജ്യത്ത്
ആ ആധി അറിഞ്ഞിട്ടാര്‍ക്കു നേട്ടം?
വോട്ടില്ലാ പ്രേതങ്ങള്‍ ;റേഷനില്ല, അരിയില്ല.
നാടിലെ മനുഷ്യര്‍, പെരുവഴിയിലെ മനുഷ്യര്‍
കാട്ടിലെ മനുഷ്യര്‍,കൊട്ടാരങ്ങളിലെ മനുഷ്യര്‍
എല്ലാം മനുഷ്യര്‍.!
വഴിയില്ലാ പെരുവഴിയിലെ മനുഷ്യരേ
നിങ്ങളെ ഞാന്‍ ഓര്‍ക്കുന്നു..
ഇന്ന്  പുതച്ചു
മൂടി കിടക്കാന്‍പോകുമ്പോള്‍ എങ്കിലും!

ഇന്നിനെ മറന്നവന്‍


ഇന്നലെയുടെ കൂടെ അന്തിയുറങ്ങി ഞാന്‍
ഇന്നിനെ മറന്നവന്‍ നാളെയുടെ കാമുകന്‍
ഇന്നലെയോയൊരു തേവിടിശ്ശി , നാളെയോ എന്‍ സ്വപ്നകാമുകി
ഇന്നെന്ന ഭാര്യയെ പുണരാതെ പൂകാതെ
നാളെയെ കാമിചിരിക്കുന്നു നീ വ്യഥാ!
പാഴായിക്കളയുന്ന നിന്‍ ഉന്മാദ ബീജങ്ങള്‍
ഇന്നിന്റെ യോനിയില്‍ നിറച്ചിരുന്നെങ്കിലോയെന്നു

പാഴ്മരമാകുമ്പോള്‍ നിനക്ക് തോന്നിയേക്കാം

എന്റെ പ്രണയം


ഇന്ന് എനിക്കൊരു പ്രണയമുണ്ട് !
ആരോടും പറയാത്തൊരു പ്രണയം.
അശാന്തിയുടെ മുറിപ്പാടുകള്‍ വേദനചോരിയവേ ,
സുസ്മേര വദനയായി നീ, എന്‍ പ്രണയിനി
ആശ്വാസമേകാന്‍ നിനക്ക് ആകുമെങ്കില്‍ ,
നിന്നെ പുല്‍കി ഞാന്‍ നിര്‍വൃതി അടയട്ടെ .
ആദ്യ ആലിംഗനത്തിനായ് എന്‍ ഉള്‍കാമ്പ് തുടിക്കവേ
തുറന്നിടാം നിനക്കായി ഞാന്‍,ആരും ഇതുവരെ പുല്കാത്ത മാറിടം
വരികയായ് ഞാന്‍; നിന്നെ അറിയാന്‍, നിന്നില്‍ അലിയാന്‍ ..
മരണമാം പ്രണയിനി ...
എന്റെ പ്രണയിനി ...

വാല്‍കഷ്ണം : നന്ദിത എന്ന കവയത്രിയ്കു ആദരപൂര്‍വം ഇ കവിത സമര്‍പ്പിക്കുന്നു.. നന്ദിതയുടെ വരികളുടെ ഇ ആരാധകന്‍..അപ്പൊ വിഷയമായ്‌ മരണം എടുത്തത്‌ സ്വാഭാവികം..നന്ദിതയു
ടെ പ്രിയവിഷയം..

എന്‍റെ സ്വപ്നങ്ങളിലെ പക്ഷി


ഇന്നും ഇന്നലെയും ഓര്‍മ്മയാകട്ടെ
നാളെയുടെ പൂക്കള്‍ വിരിയുന്നത്
നിദ്രയില്‍ സ്വപ്നമായ് കണ്ടു ഞാനുറങ്ങട്ടെ
ആ പൂക്കളുടെ ചുറ്റും ഒരായിരം പൂമ്പാറ്റകള്‍ ..
സ്വപ്നങ്ങളില്‍ ഞാന്‍ അഗ്നിചിരകുമായ് നില്കുന്നു!
ഫിനിക്ഷ് പക്ഷിയെ പോലെ പറന്നുയരാന്‍,
ചാരത്തില്‍ നിന്നും ഉയരേണ്ട പക്ഷിയാകാന്‍,
ആദ്യം ഞാന്‍ ചരമവേണ്ടതില്ലേ എന്നൊരു സംശയം!
നാളത്തെ പുതുമഴയില്‍ ആ ചാരം ഒലിച്ചു പോയില്ലെങ്കില്‍
മുകളില്‍ എല്ലാറ്റിനും മുകളില്‍ എല്ലാം കണ്ടു കൊണ്ടു
സമ്പാതിയെപോല്‍ ചിരകുകരിയും വരെ തണലേകാം..
എന്‍റെ അനുജന്മാര്‍ക്ക് ; നാളെയുടെ വീര ജടായുകള്‍ക്ക്.

ഏകന്‍

അറിയുന്നു ഞാന്‍, നീ എന്നും ഏകനെന്നു
ജനനവും മരണവും അതിനിടയിലെ ജീവനും
ഒറ്റയടി പാതയിലെ യാത്ര പോലെ ..
ഇടയിലെ നല്കവലകള്‍ കണ്ടു നീ രമിച്ചുവോ ?
അവിടെ അമ്പലവും ആല്‍ത്തറയും തരുണിയും തോഴരും
അറിഞ്ഞു നീ അവ മായയും മിഥ്യയും, പിന്നെ ഏകനെന്ന സത്യവും !!


വാല്‍കഷണം  : ഇവിടെ ഞാന്‍, നീ എന്നതു യഥാക്രമം എന്‍റെ ബിംബ പ്രതിബിംബങ്ങള്‍

നിന്നില്‍നിന്നും എന്നിലേക്ക്

എന്നില്‍ നിന്നും നീ ,
ഏറെ അകലെയാണെന്ന സത്യം
നീ പറയാതെ പറഞ്ഞപ്പോള്‍
ഞാന്‍ അകലുകയായിരുന്നു
നിന്നില്‍ നിന്ന്! ..
എന്നിലേക്ക്‌ ..

ഇനി
ഏകാന്തതയുടെ മഹാസമുദ്രത്തില്‍,
ചിപ്പിക്കുള്ളില്‍ തപസ്സിരിക്കാന്‍,
കൂട്ടിനു
ജീവിതയാത്രയില്‍ സ്വരുകൂടിയ, 

ഓര്‍മ്മകള്‍ എന്ന ഒരു  മണ്‍തരി മാത്രം ..

അഭിനവരമണന്‍

അഭിനവരമണന്റെ കഥ കവിതയായ്
കടലാസ്സിതളുകളില്‍ വിരിയിച്ചെടുക്കാനും,
ശോകത്തിന്‍  പുല്ലാങ്കുഴലൂതാനും,
ഇവിടെ ഒരു  രമണന്‍ മാത്രം!
മദപ്പാടില്‍, കാവലിരിക്കാന്‍ മദനനില്ലാതെവന്നപ്പോള്‍
ഉന്മാദം മനസ്സിലെ മലര്‍മെത്തയിലെത്തിച്ച അവ്യക്തമായൊരു
സ്ത്രീരൂപം മാത്രമോ  രമണന്റെ ചന്ദ്രിക!
മനസ്സിന്റെ താണ്ഡവനൃത്തമേളത്തിനിടയിലുയര്‍ന്നുപോങ്ങിയ
ധൂളിയില്‍നിന്നും ചിന്തയാംകരങ്ങള്‍ കടഞ്ഞെടുത്ത രമണചന്ദ്രിക
മേളമടങ്ങുമ്പോള്‍ അവള്‍ മറഞ്ഞകലാം

മറയാതെ മനസ്സിലെ കനലായവളെരിയട്ടെ..
ദേഹം ദഹിക്കും വരെ ഞാന്‍ കൂട്ടിരിക്കാം..
ഭ്രാന്തമാം  അഭിനിവേശവുമായ്  കൂട്ടിരിക്കാം..
ഓട്ടയടച്ച പുല്ലാങ്കുഴലൂതി, കനലിലെ തീക്ക് ജീവശ്വസമേകി
എന്‍റെ ശ്വാസം  നിലക്കും വരെ ഞാനിരിക്കാം..
തിരക്കിനിടെ മദനനെഴുതതെപോയ കാവ്യം;
നമ്മുടെ പ്രണയ കാവ്യം,
എഴുതിവയ്കാം ഞാന്‍..
മണ്ണില്‍ ഞാനലിയും മുമ്പേ..

ജാതി,മതം


നാരായണഗുരുവേ അങ്ങ് കാണുന്നുണ്ടോ ?
അന്ന് ഞാന്‍ ആദ്യവിദ്യാലയത്തില്‍
നിന്നറിഞ്ഞ മഹാഗുരുവേ , അങ്ങറിയുക :
അന്ന് ഞാന്‍ പഠിച്ചു
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
മതമേതായാലും മനുഷ്യന്‍ നന്നായല്‍മതി " എന്ന്
അന്ന് എന്മനസ്സില്‍ മതം ജാതി എന്നാ വാക്കുകള്‍ പതിഞ്ഞു, 

വെറും വാക്കുകള്‍ മാത്രമായ് .
അന്ന് ഞാന്‍ പാഠപുസ്തകതാളില്‍ അച്ചടിമഴിയില്‍ കണ്ട അങ്ങോ ,
ഇന്ന് തെരുവോരങ്ങളിലെ കണ്ണാടിക്കുട്ടിലേക്ക് വളര്‍ന്നിരിക്കുന്നു!
ഞാനും വളര്‍ന്നു ; വാലായി ഒരു ജാതിയും പേരിനൊപ്പം
വിപ്ലവവീര്യത്തിനു വിത്തിട്ട സഖാവുപോലും പൂണൂല്‍ കളഞ്ഞിട്ടും 

പേരിലെ വാല് കളയാഞ്ഞതെന്തേ? ഞാനും കളഞ്ഞില്ല വാല് !
ജാതി ചോദിക്കുന്ന കാലം ജാതിയില്ലാതെ ആരും ജാതനാകരുതേ !
ജാതിയും മതവുമില്ലാത്ത ഏഴാംതരത്തിലെ ' ജീവനെ ' നാടുകടത്തിയ നാട്
ജാതി സെന്‍സസ്സിനായ്‌ സമസ്തപാര്‍ട്ടികള്‍ കൈകൊര്‍ക്കും നാട് ..
വേറിട്ടോരുസ്വരം പറയാന്‍ അങ്ങോ ഇന്നില്ല ,
ഞാനോ ഏകനാണ്.
ക്ഷമിക്കുക ഗുരുവേ , 

ഞാനും ജാതിയുടെ മുഖംമൂടിയിട്ടു, മതമെന്ന മേല്ലാപ്പ് ചുമന്നു നടന്നോളം ..
വേറിട്ടോരുസ്വരം കേള്‍ക്കുംവരെ കാതോര്‍ത്തിരിക്കാം..
മനുഷ്യനായ്‌ ജീവിക്കാന്‍ ജനിച്ച്, അവന്‍ ആകാന്‍ കഴിയാതെ
മരണംവരെ ആട്ടമാടുന്ന മനുഷ്യക്കൊലങ്ങളെ ..
ഞാനറിയുന്നു ഞാനും നിങ്ങളിലോരുവനെന്നു!
മാറാതെ വയ്യ !
മാറാടുകള്‍ കത്തിയമരുന്നത് കാണാന്‍ ഇനി വയ്യ..

എന്നെ അറിയുക


എന്നെ സ്നേഹിക്കുന്നവരുടെ , ഞാന്‍ സ്നേഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഞാന്‍ രാമന്‍;പുരുഷോത്തമനല്ലെന്നറിയുക.
എന്നാലും എന്‍റെ സീതയെ ഞാന്‍ പരിത്യജിക്കില്ല!!
ഒരു പക്ഷെ സീതയെന്നെ പരിത്യജിച്ചീടാം,അതിനെന്നെ പഴിക്കരുതെ !
പരിമിതികളുടെ ലക്ഷ്മണരേഖകള്‍ക്ക് മുന്നില്‍ പകച്ചു നില്കുന്നവനുംമല്ല ഞാന്‍ ..
രാമരാജ്യം പകുത്തെടുത്ത് ഒന്നുമില്ലാത്ത ജനങ്ങളെ
പ്രതീക്ഷയുടെ അപ്പകഷ്ണം കാണിച്ചു വഞ്ചിക്കുന്ന ജനസേവകരെ
അവരെ എന്നും ആ ചൂണ്ടയില്‍ തന്നെ കുരുക്കാന്‍ കെണി ഒരുക്കുന്നവരെ
നിങ്ങളെന്നെ ഒരു നാള്‍ യുദ്ധകളത്തിലെക്കിറക്കും
പക്ഷെ ഇന്നിറങ്ങി ഒരു അഭിമാന്യുവാകാന്‍ ഞാന്‍ ഒരുക്കമല്ല ..
യുദ്ധതന്ത്രങ്ങള്‍ മിനയും വരെ പതിനാലുസംവത്സരം വനവാസത്തിനിറങ്ങി വരാം ഞാന്‍..
പക്ഷെ ഈ മഹായുദ്ധത്തിനു എനിക്ക് ഒരായിരം ലക്ഷ്മണഹനുമാന്മാരെ വേണം..
കാരണംഈ രാമന്‍,ഭ്രുഗുരാമന്റെ നാട്ടിലെ ഒരു സാദാ പ്രജമാത്രമല്ലോ ..
എല്ലാം കണ്ടു പകച്ചു നില്‍ക്കാതെ സ്വയം ചിന്തയാം അഗ്നിയില്‍ ചാടി
അഗ്നിശുദ്ധിവരുത്തി ഉരുകി തന്നിലെ മാലിന്യങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്തു
പുതിയ മൂര്ച്ചകൂടിയ പടവാളായ് പരിണമിക്കാന്‍
കൊല്ലന്റെ ആലയില്‍ തപസ്സിരിക്കുന്ന ഞാന്‍ !

ഇനി എഴുതാതെ വയ്യ ..

എന്റെ വരികള്‍ക് വൃത്തമില്ല , ഇതിവൃത്തങ്ങള്‍ മാത്രം.
ആധുനികനല്ല ഉത്തരധുനികനല്ല ഞാന്‍,
കേകയും കാകളിയും എന്തെന്നനറിയില്ല ഞാന്‍,
കവിയല്ല ഞാന്‍, വെറും മനുഷ്യനായി കുറിച്ചിടുന്നു..
ഇന്നലെ ഞാനെഴുതാതെപോയ വാക്കുകള്‍,
മറവിയുടെ ആഴക്കയങ്ങളില്‍ മരിച്ചിരിക്കാം!
ഇന്നെഴുതി നിറയ്കുന്ന വാക്കുകള്‍ മൂന്നാംപക്കത്തില്‍ പൊങ്ങുന്ന ബാക്കിപത്രം.
ജനിക്കാതെ പോയ കുഞ്ഞിനു ജാതകമെഴുതാന്‍ നിവൃത്തിയില്ല!
ആ ഭ്രൂണഹത്യകളുടെ കാരണം എന്റെ മടിയോ ഭയമോ ഏതുമാകാം
എഴുതാതെ വയ്യ ഇനി മനസ്സിന്റെ പ്രക്ഷുബ്ദ്ധത അതിന്‍ അണക്കെട്ടുതകര്‍ക്കുമ്പോള്‍
തുറക്കാതെ വയ്യ ഇനി രക്ഷാകവാടങ്ങള്‍..