Sunday, October 16, 2011

ചിരി ..

ചിലര്‍ ചിരിക്കുമ്പോള്‍ ഉള്ളിലെ കണ്ണുനീരെനിക്കു കാണാം
കാരണം ചിരിയില്‍ കണ്ണീരോളിപ്പിച്ചു ചിരിക്കും ഞാന്‍ !!
ആരും കാണാതെ ഞാന്‍ കരയുന്നതറിയുന്നു ചുമരുകള്‍
ചിലപ്പോള്‍ അവയ്ക്കും മടുത്തു കാണും , എന്നെ പോലെ ..

എന്‍റെയുള്ളില്‍ പുകയുന്ന ചിന്തകളെ
മൌനത്തിന്റെ മുഖംമൂടി അണിയിച്ചു
ചിരിച്ചു കരയുന്ന കോമാളി ഞാന്‍ ..

Monday, October 10, 2011

രാത്രി

പകലിനെ കടലിലോഴുക്കി നീ ഉണരുമ്പോള്‍
എന്നുളില്‍ വിരിയുന്ന ഉന്മാദരശ്മികളില്‍ ..
എന്‍റെ പകല്‍ പിറക്കുന്നു ..
നിശയുടെ ഏകാന്തയാമങ്ങളില്‍ എന്‍റെ മനസ്സെന്ന
കുറുനരിക്കൂട്ടം എന്നെ തന്നെ രുചിക്കുന്നു ..

മരണത്തിന്‍റെ പാദമുദ്രകള്‍ പതിഞൊരീ രാത്രിവഴികള്‍ ..
മനസ്സില്‍ നിറയും ചിന്തകള്‍ പന്തമോരുക്കുന്നു ..
മരണത്തിന്‍റെ ഗുഹാമുഖം വരെ നീളും യാത്രകളെ ..
ശാന്തിയുടെ എഴുത്തിന്‍റെ ഗംഗയില്‍ ഉപേക്ഷിക്കുന്നു ഞാന്‍ ...

നഷ്ടപ്രണയത്തിന്‍  തിരമാലകള്‍ തീരമണയുന്ന രാത്രി ..
തീരം തഴുകും പ്രണയത്തിന്‍ തിരകളില്‍ അലിഞ്ഞു തീരും മുമ്പേ
കടല്‍ശില പോലെ ഞാന്‍ ..സുന്ദര കടല്‍ കവാടങ്ങളോരുക്കുന്നു
എന്‍റെ പ്രണയത്തിന്‍ കഥ പറയാനെന്ന പോലെ

നിദ്ര എന്നില്‍ നിന്നകലെ മാറിനിന്നു ചിരിക്കും രാത്രികളില്‍ ..
രാത്രീന്ജ്‌രനായി പൊതുവവഴിയില്‍ നാല്‍ക്കവലയിലെ
ചായ പീടികയിലേക്കും നീളും നടത്തത്തിനിടയില്‍ ഞാന്‍ കണ്ട ..
പീടിക തിണ്ണയില്‍ തലചായ്ക്കുന്നവരുടെ രാത്രി ..

നിയോണ്‍ വെളിച്ചത്തില്‍ ,ആ തെരുവിന്‍റെ വേശ്യ ഉറങ്ങാതിരിക്കുന്നു ..
ഈ രാത്രിയില്‍ അവള്‍ ഒഴുക്കും വിയര്‍പ്പിന്റെ വില ..
ഒരു ചായയും വടയ്ക്കും തികഞ്ഞെങ്കിലെന്നവള്‍ അശിക്കുന്നുണ്ടാവുമോ..
വിശപ്പിന്‍റെ വിളികളും രാത്രിയുടെ മറവില്‍ അവളുടെ മടിക്കുത്തഴിക്കും സമൂഹവും ..
പകലില്‍ തിരസ്കൃത , അവള്‍ ജീവിക്കുന്നതും അവളെ ജീവിപ്പിക്കുന്നതും ഇതേ രാത്രി !!

പകലിനെക്കാള്‍ ഞാനും അവളും സ്നേഹിക്കുന്നു ഈ രാത്രിയെ..
എഴുത്തുണരും എന്‍റെ രാത്രികളിലോന്നില്‍ അവള്‍ക്കായ്‌ ..
കുറിച്ചിട്ട രണ്ടു വരികളുടെ നിര്‍വൃതിയില്‍ ഞാന്‍ ഇന്നുറങ്ങട്ടെ ..
അപ്പോഴും ഉറങ്ങാതെ അവള്‍ നാളേയ്ക്കുള്ള അന്നത്തിന്നായി ...

Friday, October 7, 2011

ജനിക്കാതെ പോകും മാതാക്കള്‍..




ഗര്‍ഭപാത്രത്തിന്റെ വിശുദ്ധിയില്‍ നുഴഞ്ഞെത്തും ശാസ്ത്രത്തിന്റെ കണ്ണുകള്‍ !
വളരുന്ന ജീവന്‍ സീതയാണേല്‍ , കുറെ സീതമാരുടെ, അമ്മയെ കാണാതെ,സ്നേഹത്തിന്‍ അമ്മിഞ്ഞപ്പാല്‍ നുണയാതെ,  രാമനെ വേല്കാതെ,വേദന നിറഞ്ഞൊരന്ത്യം .കാത്തിരിപ്പിന്‍റെ നാളുകള്‍ എല്ലാം വെറുതെ..കഞ്ഞിരത്തെക്കള്‍ കയ്പ്പുള്ള ലോകം ഉപേക്ഷിച്ച ആ സീതയുടെ മണ്ണിലേക്കുള്ള  മടക്കയാത്ര !
ലിംഗഭേദമറിയുമ്പോള്‍ ആരാച്ചാരാകുന്ന കപടഭിഷ്വഗ്വരന്മാര്‍ വലിച്ചെറിയും പോതിക്കെട്ടുകളില്‍ തന്റെ സൃഷ്ടിയുടെ സൗന്ദര്യമറിയാന്‍  വയ്യാത്ത ദുഖത്തില്‍ സ്രഷ്ടാവുപോലും തളര്നിരിക്കുന്നു.
ആ മാംസപിണ്ഡങ്ങളിലെനിക്ക് ഒരായിരമമ്മമാരെ കാണാം !ജനിക്കാതെ പോയ മാതാക്കള്‍ !അവര്‍ക്കായി പാടാതെ, അവര്‍ പാടാതെ പോകും താരാട്ടുകള്‍ !

Thursday, October 6, 2011

~~~~അട്ട~~~~

ഒറ്റപ്പെടുമ്പോളേ  നിങ്ങളറിയൂ  ,കൂട്ടിന്റെ വില
ഒറ്റയ്ക്ക് ജീവിച്ചു മടുത്തോരട്ടയാണിന്നു  ഞാന്‍ !

എന്റെ വഴിയിലെത്തും  വിരുന്നുകാരില്‍ അള്ളിക്കടിച്ചു ..
സ്നേഹമാം ചുടുചോരകുടിച്ചെന്‍റെ ആത്മാവിന്റെ ദാഹം
തീര്‍ക്കും മുമ്പേ വില്ലനായ്‌ ഉപ്പും തീയും !!

അവരറിയാതെ ജീവിക്കാന്‍മാത്രം ചോരകുടിച്ചു മടങ്ങിയേനെ ഞാന്‍
കൂടെ ,സ്നേഹത്തിന്‍റെ  ചോരയുടെ മലിനതയും ഊറ്റിയെടുത്തേനെ ..
ഒരു നുള്ള് സ്നേഹംതന്നു കടന്നുപോകാന്‍ അണയുന്ന കാലുകളെ കാത്തു ..
വീണ്ടും ഏകാന്തതയുടെ ആളൊഴിഞ്ഞ കാട്ടുവഴികളില്‍ ഞാന്‍ ..

Tuesday, October 4, 2011

അഗ്നിശുദ്ധി

സീതയായി ജനിക്കുന്നില്ല ആരും സീതയായി മരിക്കുന്നുമില്ല

സീതയും മിഥ്യ രാമനും അതുപോലെ

ആരോചമച്ച ആ കഥയിലെ, കഥയില്ലായ്മയിൽ കുരുങ്ങിയ മനുഷ്യര്‍ !

മോഹത്തിന്റെ അഗ്നിയില്‍ കാമത്തില്‍ കനല്‍ എരിയുമ്പോള്‍

അഗ്നിശുദ്ധി തെളിയിക്കാന്‍ ശ്രമിക്കേണ്ടതില്ല നീ ..


സ്നേഹം തേടി ശാന്തി തേടി അലയേണ്ട ലോകത്തില്‍

ഓഷോയുടെ വഴി നീ തിരഞ്ഞതില്‍ തെറ്റുണ്ടോ ..

നിര്‍വചനങ്ങളില്‍ ഒതുങ്ങാതെ വളരട്ടെ സ്നേഹം


സ്നേഹം, സ്നേഹത്തില്‍ നിന്നുതിരുന്ന കാമവും ..

സ്വന്തം ശരികളും സമൂഹത്തിന്റെ ശരികളും കൊമ്പ് കോര്‍ക്കുമ്പോള്‍

സ്വന്തം ശരികളുടെ പക്ഷമാണെന്റെ പക്ഷം..


രാമന്‍റെ ശരിയും രാവണന്‍റെ ശരിയും

സീതയുടെ ശൂര്‍പണഘയുടെ ശരികള്‍ ..

സമൂഹമെന്തിനളവുകോലെടുന്നു  ?

ഒരു സമൂഹം മനസാക്ഷി ഇല്ലാതെ ക്രൂശിച്ച

അവര്‍ തെറ്റെന്നു വിധിച്ചു കുരിശേറ്റിയ യേശു !..


വെറുപ്പാണെനിക്കു സമൂഹം വരയ്ക്കും  അതിര്‍വരമ്പുകളെ ..

 ഞാന്‍ അതിനുള്ളില്‍ തുടരാന്‍ ഇഷ്ടപെടുന്നെങ്കിലും ..

പുതിയ ചക്രവാളങ്ങള്‍ തേടും സഹയാത്രികര്‍ക്കായി ..

കുത്തിയിറക്കട്ടെ ഈ കത്തി  !!


Monday, October 3, 2011

ആകാശത്തിലെ മഴവില്ലുകള്‍

കവിതയെന്ന പേരില്‍ കുറിക്കും വരികള്‍,
കവിതയല്ലെന്നറിഞ്ഞു കൊണ്ടും
എന്തിനോ വേണ്ടി കുറിക്കുന്നു ഞാന്‍ ..
നാളെ ഒരു പക്ഷെ ..
എനിക്കായി സംസാരിക്കുന്ന എന്‍റെ മനസാവുമത് ..
എനിക്കു പറയാന്‍ കഴിയാതെ, വിഴുങ്ങിയ വാക്കുകള്‍
എഴുത്തിലൂടെ സംസാരിക്കുന്നു ഞാന്‍,
എന്‍റെ ഭാഷ എഴുത്താണ് !
എന്‍റെ സ്വനതന്തുക്കളുടെ ഭാഷയെ,
എന്നിലെ  ഭീരുത്വം കാര്‍ന്നു തിന്നുന്നു..
കൂടെ എന്‍റെ അപകര്‍ഷതയുടെ കൂട്ടും !!
എന്നിലെ വികാരവിക്ഷോഭങ്ങളുടെ പ്രകാശനം അവയ്ക്കന്യം ..
അങ്ങനെ ഞാന്‍ എഴുത്തിന്‍റെ തോഴനായി ..
എനിക്കു ചിറകുകള്‍ തരും എന്‍റെ എഴുത്ത് .
പുതിയ ആകാശത്തിലെ മഴവില്ലുകള്‍
കാഴ്ചവെക്കാം എന്നാ പ്രതീക്ഷയോടെ ..
എഴുത്തിനെ പ്രണയിക്കുന്ന ഞാന്‍ !!